മനാമ: ബഹ്റൈനില്‍ അനധികൃത മരുന്ന് വില്‍പ്പനയും, നിര്‍മ്മാണവും തടയാന്‍ ഹൈ-ടെക് സംവിധാനം വരുന്നു. നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി മേധാവിയായ ഡോ മറിയം അല്‍ ജലാഹ്മയാണ് ഈ വിവരം അറിയിച്ചത്. അടുത്ത വര്‍ഷത്തോടെയാണ് ഹൈ-ടെക് സംവിധാനം പുറത്തിറങ്ങും. ഇതിലൂടെ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ വിതരണ ശൃംഖലയെ സുരക്ഷിതമാക്കാന്‍ സാധിക്കുമെന്നും ഡോ മറിയം അല്‍ ജലാഹ്മ വ്യക്തമാക്കി. കൂടാതെ നിര്‍മ്മാതാക്കളില്‍ നിന്ന് രോഗികളിലേക്ക് മാത്രമാണ് മരുന്നുകളെത്തുന്നതെന്ന് പുതിയ പദ്ധതി ഉറപ്പുവരുത്തും. മരുന്നു ഫാക്ടറികള്‍ മുതല്‍ ഫാര്‍മസികളും രോഗികളും പുതിയ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി വരും.
എംവിസി എന്ന കമ്പനിയെയാണ് പുതിയ ട്രാക്കിംഗ് സിസ്റ്റം നിര്‍മ്മിക്കുന്നതിനായി സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് നിയോഗിച്ചിരിക്കുന്നത്.രാജ്യത്തിനകത്തേക്ക് അനധികൃതമായി മരുന്നുകളെത്തുന്നത് തടയാനും വ്യാജ പ്രിസ്‌ക്രിപ്ഷനുകള്‍ ഉപയോഗിച്ച് ഫാര്‍മസികള്‍ വഴി മരുന്ന് കടത്തുന്നത് തടയാനും പുതിയ സംവിധാനത്തിന് സാധിക്കും. വ്യാജ പ്രിസ്‌ക്രിപ്ഷനുകള്‍ ഉപയോഗിച്ച് മരുന്നുകള്‍ വാങ്ങുന്ന കേസുകള്‍ രാജ്യത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ലഹരി ആവശ്യങ്ങള്‍ക്കായിട്ടാണ് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്. രോഗികള്‍ക്ക് നിയന്ത്രിത അളവില്‍ ലഭ്യമാക്കുന്ന മരുന്നുകള്‍ ലഹരി ആവശ്യാര്‍ത്ഥം കൂടുതല്‍ കഴിച്ച് അപകടത്തിലായ കേസുകളും മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.