മനാമ: ക്രൗണ്‍ പ്രിന്‍സ് സെന്റര്‍ ഫോര്‍ ട്രെയിനിംഗ് ആന്റ് മെഡിക്കല്‍ റിസര്‍ച്ചിന് സൊസൈറ്റി ഫോര്‍ സിമ്യുലേഷന്‍ ഹെല്‍ത്ത് കെയറിന്റെ (എസ്എസ്എച്ച്) അംഗീകാരം ലഭിച്ചു. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന സ്ഥാപനമാണ് എസ്എസ്എച്ച്. ഇതോടെ ക്രൗണ്‍ പ്രിന്‍സ് സെന്റര്‍ ഫോര്‍ ട്രെയിനിംഗ് ആന്റ് മെഡിക്കല്‍ റിസര്‍ച്ചിന് ആഗോളതലത്തില്‍ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണവും മെഡിക്കല്‍ പഠനങ്ങളും നടത്താന്‍ അനുമതി ലഭിക്കും.
ബഹ്‌റൈന്‍ ആരോഗ്യ മേഖലയിലെ അഭിമാനകരമായ പദ്ധതികളിലൊന്നാണ് സെന്റര്‍ ഫോര്‍ ട്രെയിനിംഗ് ആന്റ് മെഡിക്കല്‍ റിസര്‍ച്ച്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ഗവേഷണ മേഖലയിലും ബഹ്‌റൈനെ ഉയരത്തിലേക്ക് എത്തിക്കാന്‍ സ്ഥാപനത്തിന് കഴിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എസ്എസ്എച്ച് അംഗീകാരം കൂടി ലഭിക്കുന്നതോടെ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുവാന്‍ സാധിക്കും.
ആരോഗ്യ പരിശീലന പരിപാടികള്‍ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാനുള്ള റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ പ്രൊഫസര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫയുടെ പരിശ്രമമാണ് സെന്ററിന് എസ്എസ്എച്ച് അംഗീകാരം ലഭിക്കാന്‍ സഹായകമായത്. മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കാന്‍ സെന്ററിന് കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.