മനാമ: ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ‘മിഷന്‍ 50’ ന്റെ ഭാഗമായ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ടാമത് ഫാം വില്ല ജൈവ കൃഷി മത്സരം ആരംഭിച്ചു. മത്സരാര്‍ത്ഥികള്‍ക്കുള്ള തൈകളും, വളവും ലോക ഭക്ഷ്യ ദിനമായ ഇന്നലെ വിതരണം ചെയ്തു തുടങ്ങി. പ്രവാസി കര്‍ഷകനായ അബ്ദുല്‍ ജലീല്‍ എടവനക്കാട് റേഡിയോ അവതാരിക ശുഭ പ്രേമിന് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചത്.
പരിമിതമായ വീടിന്റെ ടെറസിലോ മറ്റോ ഏറ്റവും നന്നായി കൃഷി ചെയ്യുന്ന മൂന്ന് പേരെ മത്സരത്തിലെ വിജയികളായി പ്രഖ്യാപിക്കും. മുന്‍ എം എല്‍ എയും മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന മര്‍ഹൂം എ വി അബ്ദുറഹ്മാന്‍ ഹാജിയുടെ പേരിലുള്ള മെമന്റോ വിജയകള്‍ക്ക് സമ്മാനിക്കുമെന്ന് ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് വില്ല്യാപ്പള്ളി ജനറല്‍ സെക്രെട്ടറി ഫൈസല്‍ കണ്ടീത്തായ എന്നിവര്‍ പറഞ്ഞു.
ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പച്ചക്കറിയുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്ന സന്ദേശം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 30 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരം വിവിധ ഘട്ടങ്ങളിലായുള്ള വിധി നിര്‍ണ്ണയതിലൂടെയാണ് ഫൈനല്‍ വിജയിയെ കണ്ടെത്തുക.
ചടങ്ങില്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് വില്ല്യാപ്പള്ളി, ജനറല്‍ സെക്രെട്ടറി ഫൈസല്‍ കണ്ടീത്തായ, ഓര്‍ഗനൈസിംഗ് സെക്രട്ടറി പിവി മന്‍സൂര്‍, റിയാസ് ബാങ്കോക്ക്, ഫാം വില്ല കണ്‍വീനര്‍മാരായ പി കെ ഇസ്ഹാഖ്, ജെ പി കെ തിക്കോടി, ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സന്‍കോയ പൂനത്ത്, സെക്രട്ടറി കാസിം നൊച്ചാട് തുടങ്ങിയവര്‍ സംബന്ധിച്ചു.