മനാമ: ബഹ്റൈനി ഡോക്ടമാര്‍ക്കായുള്ള ‘ഖലീഫ ബിന്‍ സല്‍മാന്‍’ പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചു. 200,000 യുഎസ് ഡോളര്‍ വിലമതിക്കുന്ന പുരസ്‌കാരമാണ് വിജിയികള്‍ക്ക് ലഭിക്കുക. 2020 തുടക്കത്തിലാണ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ നവംബര്‍ മാസത്തിലെ ആദ്യ ബൂധനാഴ്ച്ച ബഹ്റൈനി ഡോക്ടര്‍മാരുടെ ദിവസമായി ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഡോ. ജമീല അല്‍ സല്‍മാനാണ് ആദ്യ വിഭാഗമായ ‘ഇന്നവേഷന്‍ ആന്റ് ക്രിയേറ്റീവ് അവാര്‍ഡ് ഇന്‍ തെറപ്യൂട്ടിക്ക് ആന്റ് മെഡിക്കല്‍ റിസേര്‍ച്ച് അവാര്‍ഡില്‍’ അര്‍ഹയായിരിക്കുന്നത്. കണ്‍സള്‍ട്ടന്റ് ഫാമിലി ഫിസിഷ്യനും ആര്‍സിഎസ്‌ഐ-ബഹ്‌റൈന്‍ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഗുഫ്രാന്‍ അഹമ്മദ് ജാസിം രണ്ടാം സ്ഥാനം നേടി.
‘എക്സ്റ്റെന്‍ഡഡ് ലോയല്‍റ്റി ആന്റ് ഗിവിംഗ് അവാര്‍ഡ്’ ആണ് പുരസ്‌കാരത്തിലെ അടുത്ത വിഭാഗം. പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയായ ഡോ. മറിയം ഇബ്രാഹിം അല്‍ ഹജേരിക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. മുപ്പത് വര്‍ഷത്തിലേറെ ആരോഗ്യ മേഖലയില്‍ നടത്തിയ സമര്‍പ്പിത പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രിയും ജൂറി ചെയര്‍പേഴ്‌സണുമായ ഫഈഖ ബിന്‍ത് സെയ്ദ് അല്‍ സലേഹ്, അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഖാലിദ് അല്‍ ഒഹാലി, അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. സമീര്‍ അല്‍ അറ്റൂം എന്നിവര്‍ പങ്കെടുത്തു.
ബഹ്‌റൈന്‍ ഡോക്ടര്‍മാരെ ആദരിക്കുന്നതിന് പുരസ്‌കാരം ആരംഭിച്ചതിന് ആരോഗ്യ മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാനോട് നന്ദി രേഖപ്പെടുത്തി.