bahrainvartha-official-logo
Search
Close this search box.

ഇളവുകളിൽ പൊതുജനങ്ങള്‍ കോവിഡ് പ്രതിരോധ ജാഗ്രത കൈവിടരുത്, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക; മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ്

task force

മനാമ: കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ്​ അൽ മാനിഅ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അണ്ടര്‍ സെക്രട്ടറി. നാഷണൽ മെഡിക്കൽ ടീം അംഗങ്ങളായ ലഫ്​. കേണൽ മനാഫ്​ അൽ ഖത്താനി, ഡോ. ജമീല അൽ സൽമാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. പൊതു സ്ഥലങ്ങളില്‍ അനാവശ്യ സന്ദര്‍ശനങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക് ധരിക്കുന്നതിലും വിട്ടുവീഴ്ച്ച അരുതെന്നും സെക്രട്ടറി ഓര്‍മ്മപ്പെടുത്തി.

ആരോഗ്യ മുൻകരുതൽ നടപടികളോട്​ സ്വദേശികളും പ്രവാസികളും കാണിച്ച പ്രതിബദ്ധതയാണ്​ രാജ്യത്ത്​ കോവിഡ്​ വ്യാപനം കുറയാൻ കാരണമായതെന്ന്​ ഡോ. വലീദ്​ അൽ മാനിഅ്​ പറഞ്ഞു. സെപ്​റ്റംബർ 17ന്​ രോഗികളുടെ എണ്ണം 6885 ആയി ഉയർന്നിരുന്നു. രാജ്യത്ത്​ കോവിഡ്​ മഹാമാരി തുടങ്ങിയതിനുശേഷമുള്ള ഉയർന്ന നിരക്കാണിത്​. എന്നാൽ, കൃത്യമായ ജാഗ്രത പാലിച്ചതിലൂടെ തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറക്കാൻ കഴിഞ്ഞു. ഒക്​ടോബർ 14ന്​ രോഗികളുടെ എണ്ണം 3773 ആയി കുറഞ്ഞു. ഒരു മാസത്തിനിടെ 45 ശതമാനം കുറവാണുണ്ടായത്​.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് കൂടുതല്‍ ഇളവുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 24മുതല്‍ റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഒരേ സമയം 30 പേര്‍ക്ക് മാത്രമായിരിക്കും അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടായിരിക്കുക. കോവിഡ് പ്രതിരോധ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം റസ്റ്റോറന്റിന്റെ പ്രവര്‍ത്തനം.

സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ 26ന് തുറക്കും. ഓണ്‍ലൈനായോ നേരിട്ടെത്തിയോ ക്ലാസില്‍ പങ്കെടുക്കാമെന്ന് രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. അതനുസരിച്ച് നേരിട്ട് ക്ലാസില്‍ വരാന്‍ തിരഞ്ഞെടുത്തവരാണ് 26ന് എത്തേണ്ടതെന്നും ഡോ. അല്‍ മനിയ പറഞ്ഞു. അധ്യാപകര്‍ നേരത്തെ തന്നെ സ്‌കൂളുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ സൂരക്ഷ ഉറപ്പാക്കുന്നതിനും ശക്തമായ പ്രതിരോധ നടപടികളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.

തണുപ്പ് കാലത്തെ ക്യാംപിംഗിന് ഇത്തവണ അനുമതിയില്ല. രാജ്യത്ത് നിലവിലെ കൊവിഡ് സാഹചര്യം നാഷണല്‍ ടാസ്‌ക്‌ഫോഴ്‌സുമായി ചര്‍ച്ചകള്‍ നടത്തി വിലയിരുത്തിയാണ് തീരുമാനമെന്ന് സതേണ്‍ ഗവര്‍ണറേറ്റ് അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത്തവണ ക്യാംപിംഗ് റദ്ദാക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!