മനാമ: കര്‍ശന കൊവിഡ് മാനദണ്ഡങ്ങളോടെ ബഹ്‌റൈനില്‍ നഴ്‌സറി സ്‌കൂളുകള്‍ ഞായറാഴ്ച്ച തുറക്കും. തൊഴില്‍ സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാനാണ് ഒക്ടോബര്‍ 25 മുതല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ലൈസന്‍സ് ലഭിച്ച നഴ്‌സറികള്‍ തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സ് നിര്‍ദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മാതാപിതാക്കള്‍ക്ക് കൂട്ടികളെ നഴ്‌സറിയിലേക്ക് കൊണ്ടുവരാം.
പൊതുജനങ്ങളുടെയും കുട്ടികളുടെയും സൂരക്ഷയ്ക്കായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നഴ്‌സറി ഉടമകളോടും, അധ്യാപകരോടും, മാതാപിതാക്കളോടും മന്ത്രി പറഞ്ഞു. തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പാലിക്കേണ്ട പ്രതിരോധ നടപടികള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാസ്‌ക്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, നഴ്‌സറി അണുവിമുക്തമാക്കുക എന്നീ കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടില്‍ നിന്ന് തന്നെ കൊണ്ട് വരേണ്ടതാണ്. ജന്മദിനാഘോഷങ്ങള്‍ എന്നിവ നഴ്‌സറിയല്‍ നടത്തുന്നതായിരിക്കില്ലെന്നും സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്.