മനാമ: കിന്‍ഡര്‍ഗാര്‍ഡനുകളില്‍ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രാലയം. കിന്‍ഡര്‍ഗാര്‍ഡനുകളുടെ ആക്റ്റിങ് ഡയറക്ടറായ ഡോ ലുബ്‌ന സുലൈബീഖിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക സംഘമാണ് പരിശോധനകള്‍ നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. ക്ലാസ് മുറികള്‍, ലബോറട്ടറികള്‍, ടോയിലറ്റുകള്‍, കുട്ടികളുടെ കളിസ്ഥലം എന്നിവടങ്ങളില്‍ വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് പ്രത്യേക സംഘം ഉറപ്പുവരുത്തി.
അതോടൊപ്പം കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സ്‌കൂള്‍ അധികൃതരോട് പ്രത്യേക സംഘം അറിയിച്ചു. കിന്‍ഡര്‍ഗാര്‍ഡനില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരുടെയും താപനില പരിശോധിക്കുക, സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക്ക് ധരിക്കുക, ആവശ്യ ഘട്ടങ്ങളില്‍ പരിസരം അണുവിമുക്തമാക്കുക എന്നിവയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും കിന്‍ഡര്‍ഗാര്‍ഡനുകളില്‍ മന്ത്രാലയം പരിശോധനകള്‍ നടത്തിയിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ വേണ്ട നിക്ഷേപങ്ങള്‍ നടത്തുന്നതിലൂടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വികസിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം.