ബെര്‍ലിന്‍: കൊവിഡ് വാക്സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ്. ‘കൊവിഡ് പ്രതിരോധ വാക്സിന്‍ പുറത്തിറങ്ങിയാല്‍ സ്വന്തം പൗരന്‍മാര്‍ക്ക് ആദ്യം വാക്സിന്‍ എത്തിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് ഫലപ്രദമായി കൈകാര്യം ചെയ്യണം. വാക്‌സിന്‍ ദേശീയത മഹാമാരിയെ അവസാനിപ്പിക്കുന്നതിന് പകരം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ ചില രാജ്യങ്ങളിലെ എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിന് പകരം എല്ലാ രാജ്യത്തേക്കും വാക്സിന് എത്തിക്കാനാണ് ശ്രമിക്കേണ്ടത്’- ടെഡ്രോസ് പറഞ്ഞു.
ബെര്‍ലിനില്‍ വെച്ച് നടന്ന ത്രിദിന ലോകാരോഗ്യ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് വാക്സിന്‍ പൂര്‍ണ്ണമായും തയ്യാറായിട്ടില്ലെങ്കിലും നിരവധി രാജ്യങ്ങള്‍ വാക്സിന്‍ പരീക്ഷണ ഘട്ടത്തിലാണ്. നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിന്‍ വാങ്ങുന്നതിന് മിക്ക രാജ്യങ്ങളും കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മഹാമാരിയെ പൂര്‍ണ്ണമായും തുടച്ചു നീക്കണമെങ്കില്‍ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.