വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്രീ ഐ വി ശശിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച പ്രഥമ ഐ വി ശശി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി ജാൻവി എന്ന ഹൃസ്വചിത്രത്തിലൂടെ ബഹ്‌റൈൻ പ്രവാസിയായ രഞ്ജിഷ് മുണ്ടയ്ക്കൽ.
ജാൻവി എന്ന ചിത്രം ഇതിനോടകം തന്നെ വിവിധ അന്തരാഷ്ട്ര ഹൃസ്വചിത്ര മേളകളിൽ നിന്നായി ഒരു ഡസനിലധികം പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. ജാൻവിയിലൂടെ മികച്ച നടിക്കുള്ള ഒന്നിലധികം പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഡോ രമ്യ നാരായണനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈൻ പ്രവാസിയായ ജയശങ്കർ മുണ്ടഞ്ചേരി, ബിജു ജോസഫ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ജൂറി ചെയർമാനും സംവിധായകരായ മധുപാൽ, അൻവർ റഷീദ്, മിഥുൻ മാനുവൽ, വിധു വിൻസന്റ്, മധു സി നാരായണൻ എന്നിവർ അംഗങ്ങളുമായ പ്രഗത്ഭരുടെ ജൂറിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ഐ വി ശശിയുടെ ശിഷ്യഗണങ്ങൾ നേതൃത്വം നൽകുന്ന ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഫസ്റ്റ് ക്ലാപ്പാണ് ഈ ചലച്ചിത്രമേളയുടെ സംഘാടകർ.