ലണ്ടന്‍: ഓക്സ്ഫോഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ വിതരണത്തിന് തയ്യാറായെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തമാസം ആദ്യം വാക്സിന്‍ ലഭ്യമാകുമെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാക്സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ആശുപത്രിക്ക് നിര്‍ദേശം കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആസ്ട്ര സെനക എന്ന മരുന്ന് കമ്പനിയുമായി ചേര്‍ന്നാണ് ഓക്സ്ഫോഡ് സര്‍വകലാശാല വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്.
ലണ്ടനിലെ എന്‍.എച്ച്.എസ് ട്രസ്റ്റിന് കീഴിലുള്ള ജോര്‍ജ് ഏലിയറ്റ് ആശുപത്രിക്കാണ് കൊവിഡ് വാക്സിന്‍ വിതരണത്തിന് ഒരുങ്ങാനുള്ള നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന്‍ സ്വികരിക്കുക. നവംബര്‍ രണ്ട് മുതല്‍ വാക്സിന്‍ വിതരണം നടക്കുന്ന രീതിയില്‍ തയ്യാറെപ്പുകള്‍ നടത്താനാണ് ആശുപത്രിക്ക് കിട്ടിയ നിര്‍ദേശം. ആറ് മാസം കൊണ്ട് മുഴുവന്‍ പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കാനുള്ള പദ്ധതി നേരത്തെ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. വാക്സിന്‍ വിതരണത്തിന്റെ ഭാഗമായി ആശുപത്രിക്ക് സുരക്ഷ ഒരുക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചയിലാണ്. ഇതിനായി ലണ്ടന്‍ പൊലീസിന്റേയും സൈന്യത്തിന്റേയും സേവനം ഉപയോഗിച്ചേക്കാം എന്നാണ് സൂചന.