വര്‍ദ്ധിച്ച വിമാന നിരക്ക്; ബികെഎസ്എഫ് ഭാരവാഹികള്‍ എം.പി അമ്മാര്‍ അഹമ്മദ് അല്‍ ബന്നായിയുമായി കൂടിക്കാഴ്ച്ച നടത്തി

മനാമ: ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള വര്‍ദ്ധിച്ച വിമാനടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഭാരവാഹികള്‍ ബഹ്‌റൈന്‍ എം.പി അമ്മാര്‍ അഹമ്മദ് അല്‍ ബന്നായിയുമായി കൂടിക്കാഴ്ച്ച നടത്തി. ഭാരവാഹികളായ സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി, നജീബ് കടലായി, സത്താര്‍ എന്നിവരാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്.

പ്രവാസി പ്രശ്‌നങ്ങളെക്കുറിച്ച് എം.പിക്ക് വിശദമായ വിവരങ്ങള്‍ നല്‍കിയതായും പരിഹാരത്തിനായി അദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബികെഎസ്എഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി സാമ്പത്തിക പ്രയാസമുള്ളവരെ ചൂഷണം ചെയ്യുന്ന പ്രവണത തുടരുന്നുണ്ട്. ‘ബ്ലാങ്ക് പേപ്പറുകളില്‍’ഒപ്പിട്ട് വാങ്ങിക്കുകയും പിന്നീട് ഭീമമായ സംഖ്യ കാണിച്ച് നിയമപരമായി കേസ് കൊടുത്ത് ഇരകളെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന ചൂഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബികെഎസ്എഫ് എംപിയോട് ആവശ്യപ്പെട്ടു.

ബികെഎസ്എഫ് ശ്രദ്ധയില്‍പ്പെടുത്തിയ രണ്ട് വിഷയങ്ങളിലും ഗൗരവമായി ഇടപെടുമെന്ന് എംപി വ്യക്തമാക്കിയതായി ഭാരാവാഹികള്‍ പറഞ്ഞു.