മനാമ: ബഹ്‌റൈനിലെ ഹോട്ടലുകളിലേക്ക് ഉപഭോക്താക്കള്‍ തിരികെയെത്തുന്നതായി സർവേ റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന STR മാര്‍ക്കറ്റിംഗ് കമ്പനി ആഗോളാടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മഹാമാരി പ്രതിസന്ധി വിതച്ച മാര്‍ച്ച് മധ്യത്തോടെ ബഹ്‌റൈനിലെ ഹോട്ടലുകളില്‍ താമസിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. പിന്നാലെയെത്തിയ ലോക്ഡൗണ്‍ ഹോട്ടല്‍ ബിസിനസ് രംഗത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെയാണ് കര്‍ശന മാനദണ്ഡങ്ങളോടെ ഹോട്ടലുകള്‍ തുറന്നത്.
മാര്‍ച്ച് പകുതി മുതൽ ജൂലൈ വരെയുള്ള കാലയളവ് താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ 22 ശതമാനം ഉപഭോക്താക്കളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടൂറിസം മേഖല കൂടുതല്‍ കാര്യക്ഷമമായാല്‍ വരും മാസങ്ങളില്‍ ഹോട്ടലുകളില്‍ താമസിക്കാനായി കൂടുതല്‍ പേരെത്തുമെന്നാണ് കരുതുന്നത്. കോവിഡ് രണ്ടാംഘട്ട വ്യാപനം ആഗോളതലത്തിൽ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറെക്കുറെ വിജയം കൈവരിച്ച രാജ്യമെന്ന നിലയില്‍ ബഹ്‌റൈനില്‍ ആഘാതം കുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.