മനാമ: ബഹ്‌റൈനില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ഹോട്ടല്‍ സിഐഡി പൊലീസ് അടച്ചുപൂട്ടി. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കര്‍ശന ഉപാധികളോടെയാണ് റസ്റ്റോറന്റുകളില്‍ അകത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയത്.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് മനാമയിലെ ഹോട്ടലില്‍ പാര്‍ട്ടി നടന്നതോടെയാണ് നടപടി സ്വീകരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച മറ്റൊരു റസ്റ്റോറന്റിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്ന് നേരത്തെ നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സും വ്യക്തമാക്കിയിരുന്നു.