മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 321 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 79318 ആയി ഉയർന്നു. അതേ സമയം തന്നെ നിലവിലെ രോഗബാധിതരുടെ എണ്ണം 2493 ആയി കുറഞ്ഞിട്ടുണ്ട്.
നവംബർ 2 ന് 24 മണിക്കൂറിനിടെ 10699 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 210 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 41 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.
നിലവില്‍ 2493 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിതരായി കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 22 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട ഒരു സ്വദേശിയടക്കം 322 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ആകെ പരിശോധനകൾക്ക് വിധേയമാക്കിയവരുടെ എണ്ണം 1770015 ആയി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. നാലാഴ്ചകൊണ്ട് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് ആശ്വാസവാർത്തയാവുന്നുണ്ട്. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകാമെന്ന് ഉത്തരവായിട്ടുണ്ട്. ഒരു സമയം പരമാവധി 30 പേർക്കാണവസരം. നവംബർ 8 മുതൽ പള്ളികളിൽ ളുഹ്ർ നമസ്കാരം നിർവഹിക്കാനും അനുമതിയായിട്ടുണ്ട്.