മനാമ: ഇന്ത്യന്‍ സ്‌കൂളിലെ നിലവിലെ ഭരണസമിതിയുടെ അനീതിക്കും കഴിവു കേടിനും ക്രമക്കേടുകള്‍ക്കുമെതിരെ പ്രതികരിക്കുമ്പോള്‍ അപകീര്‍ത്തിപ്പെടുത്തലാണെന്ന് പ്രചരിപ്പിക്കരുതെന്ന് യു.പി.പി. ഇന്ത്യൻ സ്‌കൂള്‍ ഭാരവാഹികളുടെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും യുപിപി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
യുപിപി വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
ഇന്ത്യന്‍ സ്‌കൂളിലെ നിലവിലെ ഭരണസമിതിയുടെ അനീതിക്കും കഴിവു കേടിനും ക്രമക്കേടുകള്‍ക്കുമെതിരെ പ്രതികരിക്കുമ്പോള്‍ സ്‌കൂളിന് എതിരെ അപകീര്‍ത്തി പ്രചാരണം നടത്തുകയാണെന്നും,അതിന്റെ പേരില്‍ കേസുകള്‍ നടത്തുമെന്നും പറഞ്ഞ് രക്ഷിതാക്കളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയാണ്. രക്ഷിതാക്കള്‍ ഫീസായി അടക്കുന്ന സ്‌കൂള്‍ ഫണ്ടാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്.
രക്ഷിതാക്കള്‍ തങ്ങള്‍ക്കെതിരെ സത്യാന്വേഷണങ്ങളും തെളിവുകള്‍ സഹിതമുള്ള ആരോപണങ്ങളുമായി വരുമോ എന്ന ഭീതിയിലാണ് ഇന്ത്യന്‍ സ്‌കൂള്‍ ഭാരവാഹികളുടെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ഇന്നത്തെ ശ്രമങ്ങളെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവ് രക്ഷിതാക്കള്‍ക്കുണ്ടെന്ന് സ്‌കൂള്‍ കമ്മിറ്റി ഭാരവാഹികള്‍ ഇനിയെങ്കിലും ഓര്‍ക്കേണ്ടതുണ്ട്.
കോവിഡ് കാലഘട്ടത്തില്‍ ഫീസ് ബാക്കിയുള്ള കുട്ടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഫീസ് അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്ന് പുറത്താക്കുമെന്ന് ഓരോ രക്ഷിതാവിനും പ്രിന്‍സിപ്പല്‍ ഭരണസമിതിയുടെ നിര്‍ദേശപ്രകാരം അയച്ച സര്‍ക്കുലര്‍ നിങ്ങളുടെ ഓര്‍മ്മയില്ലെങ്കില്‍ അത് രക്ഷിതാക്കളുടെയും ഞങ്ങളുടേയും കൈകളിലുണ്ടെന്ന് ഭരണസമിതി വിസ്മരിക്കരുത്. അതില്‍ ഒരിടത്തു പോലും ഫീസ് അടക്കാന്‍ കഴിയാത്തവര്‍ അധ്യാപകരെയോ ഭരണ കര്‍ത്താക്കളെയോ ബന്ധപ്പെടണമെന്ന് പറയുന്നില്ല. പകരം ഒരു ദാക്ഷിണൃവുമില്ലാതെ എല്‍.കെ.ജി, യു.കെ.ജി ക്‌ളാസ്സുകളില്‍ പഠിക്കുന്ന പിഞ്ചുകുട്ടികളെ പോലും ഓണ്‍ലൈന്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തത്.
കുറച്ചു കുട്ടികളെ കുറച്ചു കാലത്തേക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി എന്ന് ഇപ്പോള്‍ മുടന്തന്‍ ന്യായം പറയുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയുടെ തികച്ചും ലാഘവത്തോടെയുള്ള പത്രപ്രസ്താവന തികച്ചും നിരുത്തരവാദപരവും അപഹാസ്യവുമാണ്. കോവിഡ് കാലഘട്ടത്തില്‍ ഫീസ് അടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു കുട്ടിയെ പോലും ക്ലാസ്സില്‍ നിന്നും മാറ്റി നിര്‍ത്തരുത് എന്നാണ് യു പി പി ആദ്യം മുതലേ പറഞ്ഞിട്ടുള്ളതും ആവശൃപ്പെട്ടിട്ടുള്ളതുമെന്ന് പൊതു സമൂഹത്തിനും രക്ഷിതാക്കള്‍ക്കുമറിയാം.
അങ്ങിനെ ആശൃപ്പെട്ടതിന്റെ പ്രധാധ കാരണം സാമ്പത്തിക ബുദ്ധിമുട്ടുള്ള സാധാരണക്കാരായ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കോവിഡ് കാലഘട്ടത്തില്‍ അനുഭവിക്കുന്ന പ്രത്യേക തരം മാനസിക സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും അവരുമായി അടുത്ത് നേരിട്ട് അറിഞ്ഞു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ്. 2018ല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഒരു രക്ഷിതാവിന്റെ ദാരുണമായ അന്ത്യം ഓര്‍മപ്പെടുത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്.
ആ രക്ഷിതാവിന്റെ ദാരുണ സംഭവത്തിന് ശേഷം അന്ന് രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും, അദ്ധൃാപകരില്‍ നിന്നും സാമ്പത്തിക പിരിവ് നടത്തിയത് ആ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ക്കു അറുതി വരുത്താന്‍ വേണ്ടിയായിരുന്നു എന്നത് സത്യമാണെന്ന് ഭരണത്തിലിരിക്കുന്ന നിങ്ങള്‍ തന്നെ പറയുമ്പോള്‍ ഇതെങ്ങനെയാണ് അപകീര്‍ത്തിപരമാവുന്നത് ഒരു രക്ഷിതാവിനും അത്തരം ഒരവസ്ഥ ഇനിയും ഉണ്ടാകരുത് എന്ന് പറഞ്ഞതിനെയാണ് സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തി എന്ന് പറയുന്നത്.
അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം മാത്രം കൊടുക്കാനുള്ള തുക തന്നെ ധാരാളമായി ലഭിക്കാറുള്ള ട്യൂഷന്‍ ഫീസ് മാത്രം കുട്ടികളില്‍ നിന്ന് ഈ കോവിഡ് കാലഘട്ടത്തില്‍ ഈടാക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞതും ശരിയാണ്. ഈ രണ്ടു കാര്യങ്ങളും സത്യങ്ങളാണെന്നിരിക്കേ എങ്ങിനെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തലാകുമെന്ന് ബന്ധപ്പെട്ടവര്‍ രക്ഷിതാക്കളോട് വിശദീകരിക്കേണ്ടതുണ്ട്. നിയമ നടപടികള്‍ സ്വീകരിക്കാന്‍ മാത്രം എന്ത് അസാമാന്യതയാണ് ഈ തുറന്ന് പറച്ചിലുകളിലുള്ളതെന്ന് സ്‌കൂള്‍ കമ്മറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തണം.
സ്‌കൂള്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയ ഈ സാഹചര്യത്തിലെ ഭരണസമിതിയുടെ മലക്കം മറിച്ചിലും, രാഷ്ട്രീയ നാടകങ്ങളും പകപോക്കലുമൊക്കെ ന്യായീകരിക്കാന്‍ വേണ്ടിയാണ് ജനറല്‍ ബോഡി യോഗത്തില്‍ കേസെടുക്കാനുള്ള നിയമം പാസാക്കിയെന്ന് പറയുന്നത്. ജനറല്‍ ബോഡിയിലെ അജണ്ടയിലുള്‍പ്പെടുത്താതെ യോഗത്തില്‍ ആളുകള്‍ പിരിഞ്ഞ ശേഷം വിരലിലെണ്ണാവുന്ന സ്വന്തക്കാരെ കൊണ്ട് കയ്യുയര്‍ത്തി പാസ്സാക്കിയെന്ന് പറയുന്ന ഒരു കാരൃവും ഇന്ത്യന്‍ സ്‌കൂളിന്റെ നിയമാവലി പ്രകാരം പ്രാബല്ലൃത്തില്‍ വരികയില്ലെന്ന് കമ്മിറ്റി ഭാരവാഹികള്‍ ഇനിയെങ്കിലും തിരിച്ചറിയണം.
സ്‌കൂള്‍ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സ്‌കൂള്‍ ഭരണസ്ഥാനങ്ങളിലിരിക്കുന്നവര്‍ പച്ചകള്ളം പ്രചരിപ്പിക്കുന്നതും, കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഇടപെടുമ്പോള്‍, അദ്ധ്യാപകരുടെ ശമ്പള കാര്യത്തിലെ വീഴ്ച ചൂണ്ടിക്കാണിക്കുമ്പോള്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നതും തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന അന്തസ്സുള്ള വൃക്തികള്‍ക്കും കമ്മറ്റിക്കും ചേര്‍ന്നതല്ലെന്ന് ഓര്‍ക്കേണ്ടതാണ്. 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ സാമൂഹ്യപ്രവര്‍ത്തകരെയും രക്ഷിതാക്കളെയും കൂട്ടത്തോടെ കേസുകളില്‍ ഉള്‍പ്പെടുത്തുന്നത്.
ഇന്ത്യന്‍ സ്‌കൂളിനെ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരല്ല യു പി പിയും മറ്റു രക്ഷിതാക്കളും. സ്‌കൂളുമായി നിരവധി വര്‍ഷങ്ങളുടെ ബന്ധങ്ങളുള്ള സാമൂഹ്യ പ്രതിബദ്ധതതയുള്ള റിഫ ക്യാമ്പസും ഈസ ടൗണ്‍ കാമ്പസിലെ ഡയമണ്ട് ജൂബിലി ബില്‍ഡിങ്ങും അടക്കം സ്‌കൂളിന്റെ നിരവധിയായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരും മുന്നില്‍ നിന്ന് നയിച്ചവരെയുമാണ് ഇപ്പോള്‍ നിയമനടപടികള്‍ കാണിച്ച് ഭയപെടുത്തുവാന്‍ ശ്രമിക്കുന്നത്. സ്വന്തം മക്കളെ വലിയ സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിക്കുകയും തെരഞ്ഞെടുപ്പ് സമയത്തു മാത്രം കുട്ടികളെ ഇന്ത്യന്‍ സ്‌കൂളില്‍ മാറ്റിച്ചേര്‍ത്തുന്ന ഇപ്പോഴത്തെ ഭരണസമിതിയുടെ ഭാഗമായ പലരുടെയും പോലെയല്ല ഞങ്ങള്‍. ചെറിയ കെ ജി ക്ലാസ് മുതല്‍ മക്കളെ ഇന്ത്യന്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന ഉത്തരവാദപ്പെട്ട രക്ഷിതാക്കളാണ് യു പി പി യുടെ സാരഥികള്‍.
സ്‌കൂള്‍ ഫണ്ടുപയോഗിച്ച് ഏതെല്ലാം തരത്തില്‍ നിയമക്കുരുക്കില്‍ കുടുക്കുവാന്‍ ശ്രമിച്ചാലും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികയുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരടക്കമുള്ള ജീവനക്കാരുടെയും ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുവാനും ആവശ്യങ്ങള്‍ നേടിയെടുക്കുവാനും യു പി പി എന്നും മുന്നില്‍ ഉണ്ടാവും.