മനാമ: കരളിനും ഹൃദയത്തിനും സാരമായ അസുഖം ബാധിച്ചതിനെ തുടർന്ന്, ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ ലക്‌നൗ സ്വദേശി സന്ദീപ് കുമാറിന് ഹോപ്പ് ബഹ്‌റൈൻ ചികിത്സ സഹായവും, ഗൾഫ് കിറ്റും നൽകി. പതിനാല് വർഷം മുമ്പ് ബഹ്‌റൈനിൽ എത്തിയ ഇദ്ദേഹം കമ്മീഷൻ വ്യവസ്ഥയിൽ ലോൺഡ്രി തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കൊറോണ വന്നതോടെ വലിയ ദുരിതത്തിലായി ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് രോഗബാധിതനുമായത്. ശ്വാസതടസ്സവും മറ്റ് ശാരീരിക പ്രശ്നങ്ങളും നിമിത്തം നടത്തിയ പരിശോധനയിൽ, കരളിനും ഹൃദയത്തിനും സാരമായ പ്രശ്ങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് പോകാൻ ടിക്കറ്റിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു ഇദ്ദേഹം. നാട്ടിൽ രണ്ട് ചെറിയ കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥയും വളരെ പരിതാപകരമാണെന്ന് മനസിലാക്കിയ ഹോപ്പ് ബഹ്‌റൈൻ, ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും സമാഹരിച്ച 53, 775.00 രൂപയും, കുട്ടികൾക്ക് സമ്മാനങ്ങളടങ്ങിയ പ്രതീക്ഷയുടെ ഗൾഫ് കിറ്റും നൽകി ഇദ്ദേഹത്തെ യാത്രയാക്കി. സഹകരിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.