മനാമ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് ബഹ്‌റൈന്‍. ബഹ്‌റൈനില്‍ നടക്കുന്ന ഫോര്‍മൂല-1 കാറോട്ട മത്സരം നേരിട്ട് കാണാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അവസരം നല്‍കും. കിരീടവാകാശി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ നീക്കം.
വളരെ ചെറിയ ശതമാനം കാണികള്‍ക്ക് മാത്രമാണ് കാറോട്ട മത്സരം കാണാന്‍ അവസരം നല്‍കുകയുള്ളുവെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രസ്തുത സീറ്റുകള്‍ റിസര്‍വ് ചെയ്യാനാണ് പദ്ധതി. മഹാമാരിയെ പ്രതിരോധിക്കാന്‍ മുന്‍നിര പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവ് രേഖപ്പെടുത്തുന്ന പുതിയ നീക്കം മാതൃകപരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.