മനാമ: ബഹ്‌റൈന്‍-ഇസ്രായേല്‍ വിമാന സര്‍വീസുമായി ബന്ധപ്പെട്ട ധാരണ പത്രത്തിന് മന്ത്രിസഭാ അംഗീകാരം നല്‍കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരുന്നു യോഗം. ഇസ്രായേല്‍ സര്‍ക്കാരുമായി വിമാന സര്‍വീസുമായി ബന്ധപ്പെട്ട ധാരണപത്രം ഉടനുണ്ടാകുമെന്നാണ് സൂചന. ഗതാഗത, ടെലികോം മന്ത്രിയായിരിക്കും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കുക.
Also read: ബഹ്റൈനിൽ 225 പേർ കൂടി കോവിഡ് മുക്തരായി, 176 പുതിയ കേസുകൾ, മരണങ്ങളില്ല
വിയന്നയിലുണ്ടായ തീവ്രവാദ ആക്രമണത്തെ മന്ത്രിസഭാ യോഗം അപലപിച്ചു. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഓസ്ട്രിയന്‍ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നീക്കങ്ങള്‍ക്കും ബഹ്‌റൈന്‍ പിന്തുണ നല്‍കുമെന്ന് യോഗം വ്യക്തമാക്കി. ഐസ് അനുകൂലിയായ തീവ്രവാദി നടത്തിയ വെടിവെപ്പില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. തീവ്രവാദി ആക്രമണം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് മനുഷ്യാവകാശ ഉന്നതാധികാര സമിതി രൂപവത്കരിക്കാനും മന്ത്രി സഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. 18 സര്‍ക്കാര്‍ അതോറിറ്റികളില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സമിതി പ്രവര്‍ത്തിക്കുക. വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലായിരിക്കും ഉന്നതാധികാര സമിതി പ്രവര്‍ത്തിക്കുക. ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ നീക്കങ്ങളെ യോഗം വിലയിരുത്തി. മഹാമാരിക്കെതിരായി പ്രതിരോധം തീര്‍ക്കുവാന്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് യോഗം അഭിവാദ്യം അര്‍പ്പിച്ചു. നിലവില്‍ രാജ്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും യോഗം വിലയിരുത്തി.