ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം. 44,281 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 86,36,012 ആയി ഉയര്‍ന്നിട്ടുണ്ട്.
സമീപ ആഴ്ച്ചകളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്.
രോഗമുക്തി നിരക്കിലും ഇന്നലെ ഗണ്യമായ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 50,326 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നത്. നിലവില്‍ 80,13,784 പേര്‍ രാജ്യത്ത് കോവിഡ് മുക്തരായിട്ടുണ്ട്. 4,94,657 പേരാണ് ചികിത്സയില്‍ തുടരുന്നത്.
ഇന്നലെ 512 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1,27,751 ആയി. അതേസമയം കേരളത്തില്‍ ഇന്നലെ 6010 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂർ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂർ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസർഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.