മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ ബഹ്‌റൈന്‍ പ്രതിഭ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അര നൂറ്റാണ്ടോളം ബഹ്റൈന്‍ ഭരണത്തിന് നേതൃത്വം നല്‍കിയ അതുല്യ വ്യക്തിത്വം ലോകത്തില്‍ ഏറ്റവും ദീര്‍ഘ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ലോക ഭൂപടത്തില്‍ ബഹ്‌റൈനെ ഇന്ന് കാണുന്ന തരത്തില്‍ വികസിപ്പിച്ച ക്രാന്തദര്‍ശിയായ ഒരു ഭരണാധികാരിയെയാണ് ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയിലൂടെ ദേഹ വിയോഗത്തിലൂടെ ഇന്ത്യക്കാരന്റെ പോറ്റമ്മയായ ഈ രാജ്യത്തിന് നഷ്ടമാകുന്നത്. പ്രതിഭ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ബഹ്റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നു. എണ്ണവരുമാനത്തിന് പുറമെ ബഹ്‌റൈനെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റി വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് അവിസ്മരണീയമായിരുന്നു. അദ്ദേഹം കാണിച്ച സ്‌നേഹവും, ജാഗ്രതയും, വികസന കാര്യത്തിലെ പ്രവാസികളുടെ കറ കളഞ്ഞ സഹകരണവുമായിരിക്കും വിടവാങ്ങിയ രാഷ്ട്രനായകന് പ്രണാമമായി ഇന്ത്യന്‍ സമൂഹത്തിന് തിരികെ നല്‍കാന്‍ കഴിയുക എന്ന് പ്രതിഭ പ്രസിഡന്റ് കെ.എം.സതീശ്, ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.