മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ വിയോഗത്തില്‍ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈന്റെ വികസനത്തിലും വളര്‍ച്ചയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന നിലക്ക് അദ്ദേഹം ശ്രദ്ധേയനായിരുന്നു.
പ്രവാസ സമൂഹത്തെ ചേര്‍ത്ത് പിടിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആധുനിക ബഹ്റൈന്‍ രൂപപ്പെടുത്താനും രാജ്യത്ത് സമാധാനവും ശാന്തിയും സാധ്യമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ദീര്‍ഘ കാലം മന്ത്രിസഭയെ നയിക്കുകയും രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായി പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്തു.
ബഹ്റൈന്‍ ജനതക്കും ആല്‍ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്റൈന്‍ ജനതക്കും നേരിട്ട ദുഃഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം പരേതന് ആത്മശാന്തി ലഭിക്കട്ടേയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്ന് .മൈത്രി അസോസിയേഷന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.