മനാമ: ബഹ്‌റൈന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയുടെ വിയോഗം മൂന്ന് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ വ്യക്തിപരമായ നഷ്ടം കൂടിയാണ്. ഏഴ് പ്രവാസികളടങ്ങിയ മെഡിക്കല്‍ സംഘമായിരുന്നു പ്രധാനമന്ത്രിയുടെ ആരോഗ്യ പരിചരണത്തിന്റെ കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. മലയാളിയും പ്രവാസി സാമൂഹിക മേഖലയിലെ നിറസാന്നിദ്ധ്യവുമായ ഡോ. പിവി ചെറിയാനാണ് സംഘത്തിലെ പ്രധാനി. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളായി പ്രധാനമന്ത്രിയുടെ നിഴലായി പ്രത്യേക മെഡിക്കല്‍ സംഘം പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് ഇന്ത്യന്‍ ഡോക്ടര്‍മാരും നാല് ഫിലിപ്പൈന്‍ പാരമെഡിക്കല്‍ അംഗങ്ങളുമാണ് പ്രത്യേക സംഘത്തിലുണ്ടായിരുന്നത്.
അവസാനമായി കണ്ടപ്പോള്‍ തേജസും ഉത്സാഹവും നിറഞ്ഞ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ മുഖം ഇപ്പോഴും ഓര്‍ക്കുന്നതായി ഡോ. ചെറിയാന്‍ പറയുന്നു. സ്‌നേഹ സമ്പന്നനായ മനുഷ്യനായിട്ടാണ് അദ്ദേഹം എപ്പോള്‍ കാണുമ്പോഴും പെരുമാറിയിട്ടുള്ളത്. എന്റെ കുടുംബത്തെക്കുറിച്ച് സ്‌നേഹാന്വേഷണങ്ങള്‍ നടത്താന്‍ അദ്ദേഹം മറക്കാറില്ല. എപ്പോഴും നമ്മുടെ ക്ഷേമത്തെക്കുറിച്ച് ചോദിച്ചറിയും. ഡോ. ചെറിയാനെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.