മനാമ: അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിൻ സല്‍മാന്‍ അല്‍ ഖലീഫയുടെ ഖബറടക്ക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. റിഫയിലെ ഹുനൈനിയ ഖബർസ്ഥാനിലായിരുന്നു സംസ്കാരം. ബഹ്‌റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ഇസ ബിന്‍ ഇസ അല്‍ ഖലീഫയുള്‍പ്പെടെയുള്ള രാജാകുടുംബാംഗങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ദുഃഖാചരണം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് സാഹചര്യത്തില്‍ വളരെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്. പ്രവാസി സമൂഹം ഉള്‍പ്പെടെ വലിയൊരു ജന വിഭാഗം നെഞ്ചിലേറ്റിയ പ്രധാനമന്ത്രിയാണ് പ്രിന്‍സ് സല്‍മാന്‍ അല്‍ ഖലീഫ. സ്‌നേഹ നിധിയായ ഭരണാധികാരിയുടെ നിര്യാണത്തില്‍ രാജ്യത്തിനുടനീളം പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്.