bahrainvartha-official-logo
Search
Close this search box.

പ്രധാനമന്ത്രി പദം ഇനി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ സുരക്ഷിത കരങ്ങളിൽ; പ്രതീക്ഷയോടെ ബഹ്‌റൈന്‍ ജനത

PRINCE

മനാമ: കിരീടവകാശിയും സുപ്രീം കമാന്‍ഡറുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തിരിക്കുകയാണ്. ബഹ്‌റൈന്റെ സാമൂഹിക സാമ്പത്തിക വികസന പ്രക്രിയയിൽ വലിയ ഇടപെടല്‍ നടത്തിയിട്ടുള്ള പ്രിന്‍സ് സല്‍മാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ബഹ്‌റൈന്‍ ജനത നോക്കികാണുന്നത്. യാതൊരു വിവാദങ്ങളിലും ഉള്‍പ്പെടാത്ത മനുഷ്യസ്‌നേഹിയായ ഭരണകര്‍ത്താവാണ് പ്രിന്‍സ് സല്‍മാന്‍.

കിരീടവകാശിയുടെ നേതൃത്വത്തില്‍ ഇതിനോടകം നിരവധി ജനക്ഷേമ പരിപാടികള്‍ ബഹ്‌റൈനില്‍ നടപ്പിലാക്കി കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ പ്രശംസയേറ്റു വാങ്ങിയ ബഹ്റൈന്റെ കോവിഡ് പ്രതിരോധ പദ്ധതികൾക്ക് ചുക്കാൻ പിടിച്ചത് പ്രിൻസ് സൽമാൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്തില്‍ നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ബഹ്‌റൈന്‍ ജനതയ്ക്ക് കൈത്താങ്ങായി മാറിയിട്ടുണ്ട്.

ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെയും സാബിക ബിന്‍ത് ഇബ്രാഹീം അല്‍ ഖലീഫയുടെയും പ്രിയ പുത്രനായി 1969 ഒക്ടോബര്‍ 21നാണ് പ്രിന്‍സ് സല്‍മാന്‍ ജനിക്കുന്നത്. ബഹ്‌റൈന്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം വാഷിംഗ് ഡിസിയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. പിന്നീട് ഹിസ്റ്ററി ആന്റ് ഫിലോസഫി സയന്‍സില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിഡ്ജില്‍ നിന്ന് എംഫില്‍. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സ്‌പോര്‍ട്‌സ് അക്കാദമി ഡോക്‌ട്രേറ്റ് നല്‍കി ആദരിച്ചു.

ഉന്നത വിദ്യഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ നേതാവായിരുന്നു പ്രിന്‍സ് സല്‍മാന്‍. 1999ല്‍ അദ്ദേഹം ക്രൗണ്‍ പ്രിന്‍സ് ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതര രാജ്യങ്ങളില്‍ വിദ്യഭ്യാസം നേടുന്നതിനായിട്ടാണ് പ്രധാനമായും ഈ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്.

1992-95 കാലഘട്ടങ്ങളില്‍ ബഹ്‌റൈന്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ചുമതല വഹിച്ചുകൊണ്ടാണ് പ്രിന്‍സ് രാഷ്ട്രീയ/ജനസേവന കര്‍ത്തവ്യങ്ങള്‍ ഏറ്റെടുത്ത് തുടങ്ങുന്നത്. പിന്നീട് പ്രതിരോധ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയായി ചുമതലയേറ്റു. ഈ കാലഘട്ടത്തില്‍ തന്നെ ബഹ്‌റൈന്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1999 മാര്‍ച്ച് 9ന് ബഹ്‌റൈന്‍ കിരീടവകാശിയായി നാമകരണം ചെയ്തു.

1999 മാര്‍ച്ച് 22 മുതല്‍ 2008 ജനുവരി 6 വരെയുള്ള കാലഘട്ടങ്ങളില്‍ ബഹ്‌റൈന്‍ ഡിഫന്‍സ് സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായി സ്ഥാനമലങ്കരിച്ചു. 2001ല്‍ നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറിന്റെ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തിരുന്നു. മാധ്യമ സ്വാതന്ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിര്‍ണായക നിയമങ്ങള്‍ കൊണ്ടുവരുന്നത് പ്രിന്‍സ് സല്‍മാന്റെ കാലഘട്ടത്തിലാണ്. 2002ല്‍ ഇക്കണോമിക് ഡെവ്‌ലെപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായും സ്ഥാനമേറ്റിരുന്നു.

നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി, ഹൈ അര്‍ബന്‍ പ്ലാനിംഗ് കമ്മറ്റി, നാച്യുറല്‍ റിസോഴ്‌സസ് ആന്റ് ഇക്കണോമിക് സെക്യൂരിറ്റി കമ്മറ്റി തുടങ്ങിയ സമിതികളിലെയും ചെയര്‍മാനായി അദ്ദേഹം സ്ഥാനമേറ്റിട്ടിട്ടുണ്ട്. 2013 മാര്‍ച്ചില്‍ ബഹ്‌റൈന്‍ രാജാവിന്റെ ഫസ്റ്റ് ഡപ്യൂട്ടി പ്രൈം മിനിസ്റ്ററായി പ്രിന്‍സ് സല്‍മാന്‍ ചുമതലയേറ്റു. 2008ല്‍ ബഹ്‌റൈന്‍ ഡിഫന്‍സിലെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറായും അദ്ദേഹം ചുമതലയേറ്റിരുന്നു. ബഹ്‌റൈന്‍ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള ഭരണകര്‍ത്താവായി വളരെ ചെറിയ പ്രായത്തില്‍ തന്നെ അറിയപ്പെട്ടിരുന്ന വ്യക്തി കൂടിയാണ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!