ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 89,58,485 ആയി ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി 40,000 താഴെയായിരുന്നു പ്രതിദിന രോഗബാധിതര്‍. ഇന്നലെ 585 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,31,578 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
അതേസമയം ഇന്നലെ 48,493 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,43,303 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 83,83,603 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. ആഗോളതലത്തില്‍ ഏറ്റവും രോഗമുക്തി നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.
രാജ്യത്തെ കോവിഡ് ഹോട്സ്പോട്ടുകളിലൊന്നായ കേരളത്തില്‍ ഇന്നലെ 6419 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂർ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂർ 213, വയനാട് 158, കാസർഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.