
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,04,366 ആയി ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി 40,000 മുകളിലാണ് പ്രതിദിന രോഗബാധിതര്‍. ഇന്നലെ 584 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,32,162 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
അതേസമയം ഇന്നലെ 44,807 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,43,794 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 84,28,410 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, കേരളം തുടങ്ങിയ കോവിഡ് സ്‌പോട്ടുകളായ സംസ്ഥാനങ്ങളിലെ രോഗ ബാധ നിരക്കില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്.
ഇന്നലെ കേരളത്തില്‍ 5722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂർ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂർ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസർഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.