മനാമ: വിടപറഞ്ഞ മുന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് കരുത്തേും അഭിമാനവും നല്‍കുന്നുവെന്ന് ബഹ്‌റൈന്‍ നിയുക്ത പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള കാബിനെറ്റ് യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരുന്നു മന്ത്രിസഭാ യോഗം.
ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയോടൊപ്പം തൊളോട് ചേര്‍ന്ന് 25 വര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അഭിമാനവും കരുത്തും നല്‍കുന്നതാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളും. ക്ഷേമ പരിപാടികള്‍ ശക്തമാക്കുന്നതിനായി പരിശ്രമിക്കും. ഇതിനായി രാജ്യത്തെ ശൂറ കൗണ്‍സിലും പാര്‍ലമെന്റിും ഉള്‍പ്പെടെയുള്ള അതോറിറ്റികളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.
നവീകരണം, പുതുമ, വൈദഗ്ധ്യം, ഒത്തൊരുമ, വേഗത എന്നിവ ബഹ്‌റൈന്‍ സര്‍ക്കാരിന്റെ മുഖമുദ്രയാക്കി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. ഹമദ് രാജാവിനോടുള്ളു കൂറും ആത്മാര്‍ത്ഥയും പ്രകടിപ്പിച്ച് രാജ്യത്തിന്റെ സര്‍വ്വവിധങ്ങളായി ക്ഷേമത്തിനായി നിലകൊള്ളും. ജനങ്ങളുടെ ക്ഷേമത്തിനായി ഊര്‍ജസ്വലമായ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബഹ്‌റൈന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനശില പാകിയ നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റ നേട്ടങ്ങളും സേവനങ്ങളും ബഹ്‌റൈന്‍ നിലനില്‍ക്കുന്ന കാലത്തോളം ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. നേരത്തെ വിടപറഞ്ഞ മുന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ബഹ്റൈന്റെ മുഖമായി എക്കാലവും തിളങ്ങി നില്‍ക്കുമെന്ന് രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ വ്യക്തമാക്കിയിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ നവീകരണം, പാര്‍പ്പിടം, ആരോഗ്യമേഖല പരിഷ്‌കരണം, അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ മേഖലയുമായി ചേര്‍ന്ന് രാജ്യനേട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക മേഖലയിലെ ശക്തമായ മുന്നേറ്റത്തിനുള്ള ശ്രമങ്ങള്‍, സുസ്ഥിരമായ എല്ലാ ജനവിഭാങ്ങളുടെയും വളര്‍ച്ച, സന്തുലിത ബജറ്റ് ആവിഷ്‌കരണം, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.