മനാമ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി വെർച്വൽ കൂടിക്കാഴ്ച നടത്തുന്നു. ഇന്ന് നവംബർ 25, ബുധനാഴ്ച രാവിലെ ഒമ്പതിനാണ് പരിപാടി. https://youtu.be/-kF7UbtD5Zk എന്ന യു ട്യൂബ് ലിങ്കിലൂടെ പരിപാടി കാണാം.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകിട്ടാണ് മന്ത്രി ബഹ്റൈനിൽ എത്തിയത്. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. പിന്നീട് അദ്ദേഹം, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിലുള്ള അനുശോചനം അദ്ദേഹം അറിയിച്ചു.
ബഹ്റൈന് പുറമേ, യു.എ.ഇ, സീഷെൽസ് എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ ബഹ്റൈൻ സന്ദർശനമാണിത്. ബുധനാഴ്ച അദ്ദേഹം യു.എ.ഇയിലേക്ക് പോകും. 27,28 തീയതികളിലാണ് സീഷെൽസ് സന്ദർശനം.