മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി – നോർക്ക, ഇൻഡോർ ഗെയിംസ് വിഭാഗങ്ങളും സയൻസ് ഫോറവും സംയുക്തമായി ബഹ്‌റൈൻ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാറും പ്രെസെന്റേഷനും നടത്തി.
ഹൃദയ സംബന്ധമായ രോഗങ്ങൾ പ്രവാസികളിൽ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ എങ്ങനെ രോഗം വരാതെ നോക്കാം, എത്ര ഇടവേളകളിൽ പരിശോധനകൾ നടത്തണം , ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ മറ്റു അസുഖങ്ങളിൽ നിന്ന് എങ്ങനെ തിരിച്ചറിയാം തുടങ്ങിയ വിഷയങ്ങൾ ഡോ: നിഖിൽ ഷാ വിശദീകരിച്ചു. തുടർന്ന് സംശയനിവാരണത്തിനും അവസരം ഉണ്ടായിരുന്നു.
കായിക വിനോദങ്ങൾക്കിടയിൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ചും അതിന്റെ ചികിത്സാ മാര്ഗങ്ങളെക്കുറിച്ചും ഡോ: സഞ്ജയ് കുമാർ സംസാരിച്ചു.
അടിയന്തിര ശുശ്രൂഷ ആയ സിപിആർ എങ്ങനെ നൽകാം എന്നത് നഴ്സിംഗ് റ്റ്യൂട്ടർ ശശികല ശശികുമാർ പ്രെസെന്റേഷനിലൂടെ പരിചയപ്പെടുത്തി. മുതിർന്നവരും കുട്ടികളും ഡമ്മി വെച്ചുകൊണ്ട് പരിശീലനം നടത്തി.
ബി.കെ.എസ് ആക്ടിങ് പ്രസിഡന്റ് പി.എൻ. മോഹൻരാജ്, ജനറൽ സെക്രട്ടറി എം.പി. രഘു, ഇൻഡോർ ഗെയിംസ് സെക്രട്ടറി ഷാനിൽ അബ്ദുൽ റഹിം, ചാരിറ്റി – നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം, നോർക്ക കൺവീനർ രാജേഷ് ചേരാവള്ളി, സയൻസ് ഫോറം കൺവീനർ വിനൂപ് കുമാർ എന്നിവർ സംസാരിച്ചു. നികേത വിനോദ് സെമിനാർ നിയന്ത്രിച്ചു.