മനാമ: അപ്രതീക്ഷിതമായി മഴക്കെടുതിയെ നേരിടാന്‍ സജ്ജീകരണങ്ങള്‍ ശക്തമാക്കി നോര്‍ത്തേണ്‍ മുന്‍സിപ്പാലിറ്റി. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി മഴക്കാല ദുരിതങ്ങള്‍ ഒഴിവാക്കാനാണ് അതോറിറ്റികളുടെ നീക്കം. 10 പുതിയ പമ്പുകളും 28 ടാങ്കറുകളും സജ്ജമാക്കിയതായി നോര്‍ത്തേണ്‍ മുന്‍സിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴക്കെടുതി നാശം വിതയ്ക്കാതിരിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമൊരുക്കാനാവും അതോറിറ്റികള്‍ ഇത്തവണ ശ്രമിക്കുക. പൊതുവെ അതിശക്തമായ മഴ ലഭിക്കാത്ത ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍. എന്നാല്‍ കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ മഴയുടെ ലഭ്യത വര്‍ദ്ധിപ്പിച്ചേക്കാം. അതിനാലാണ് മുന്‍കരുതലുകള്‍. കഴിഞ്ഞ വര്‍ഷത്തെ മഴക്കെടുതിയുണ്ടാക്കിയ നാശനഷ്ടങ്ങള്‍ ഇത്തവണയുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.