സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള രാജ്യങ്ങയ്യുടെ സന്ദര്‍ശനത്തിയി നാളെ പുറപ്പെടും. ഇരു രാജ്യങ്ങളുമായും വന്‍കിട നിക്ഷേപ കരാറുകള്‍ ഒപ്പുവെക്കും. ഊര്‍ജ വ്യവസായ രംഗത്തെ പ്രമുഖര്‍ കിരീടാവകാശിക്കൊപ്പമുണ്ടാകും. കിരീടാവകാശിക്കൊപ്പം ഒപ്പുവെക്കാന്‍ വിവിധ കരാറുകള്‍ രാജ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
പാകിസ്താനിലേക്കാണ് കിരീടാവകാശിയുടെ ആദ്യ സന്ദര്‍ശനം. രണ്ട് ദിവസം നീളുന്ന കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തിന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇമ്രാന്‍ ഖാന്‍. ഊര്‍ജ മേഖലയിലുള്‍പ്പെടെ രണ്ടായിരം കോടി ഡോളറിന്റെ പരസ്പര നിക്ഷേപ പദ്ധതികളാണ് സൗദി ലക്ഷ്യമിടുന്നത്.
പാക് സന്ദര്‍ശനം കഴിഞ്ഞ് ഈ മാസം 19ന് കിരീടാവകാശി ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി എത്തും. രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇത് കഴിഞ്ഞ് വന്‍കിട കരാറുകള്‍ ഒപ്പുവെച്ചേക്കും. അടിസ്ഥാന സ്വകാര്യ മേഖലകളിലായിരിക്കും കരാറുകള്‍.
വിവിധ ധാരണാപത്രങ്ങളും ഇരുരാജ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. നിക്ഷേപ പദ്ധതികള്‍ക്കായി വ്യവസായികളുടെ വന്‍സംഘം കൂടെയുണ്ട്. ഇന്ത്യക്ക് ശേഷം ചൈനയാണ് കിരീടാവകാശിയുടെ ലക്ഷ്യം. ഇതിനിടെ ഇന്തോനേഷ്യ, മലേഷ്യ സന്ദര്‍ശനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യം ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.