മനാമ: സൗത്ത് സോൺ കെഎംസിസി എസ്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യവുമായ ബീരാൻ കുഞ്ഞിക്ക് സൗത്ത് സോണ് കെഎംസിസി യാത്രയയപ്പ് നൽകി.
മുപ്പത്തിയഞ്ച് വർഷത്തെ പ്രവാസജീവിതം മതിയാക്കി ഡിസംബർ ഒൻപതിന് നാട്ടിലേക്ക് മടങ്ങുകയാണ് ബഹ്റൈനിൽ കുഞ്ഞിക്ക എന്നറിയപ്പെടുന്ന ബീരാൻ കുഞ്ഞി സാഹിബ്.
ചാവക്കാട് മന്നലാംകുന്നു സ്വദേശിയായ ഇദ്ദേഹം ഗുദൈബിയ ആന്തലുസ് ഗാർഡനിൽ ഫോർമാൻ ആയിട്ടാണ് മുപ്പത്തിയഞ്ച് കൊല്ലം മുമ്പ് ബഹ്‌റൈനിൽ എത്തുന്നത്. അതേ ജോലിയിൽ തന്നെ സാധാരണ പ്രവാസിയായി തുടർന്നാണ് ഇപ്പോൾ മടക്കയാത്രക്കും ഒരുങ്ങുന്നത്.
സൗത്ത് സോണ് കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ മൊമെന്റോ കൈമാറി, ബീരാൻ കുഞ്ഞിയെ ഷാൾ അണിയിച്ചു ആദരിച്ചു.
ഇത്രയും കാലത്തെ പ്രവാസ ജീവിതത്തിൽ പൂർണ്ണ സന്തോഷവാൻ ആണെന്നും, വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിഞ്ഞുവെന്നും, മകളുടെ കല്ല്യാണം, വീട് വെക്കൽ പോലെയുള്ള കാര്യങ്ങൾ എല്ലാം നടന്നുവെന്നും മറുപടി പ്രസംഗത്തിൽ ബീരാൻ കുഞ്ഞി പറഞ്ഞു. ഒരു മകൻ ദുബായിൽ ജോലി ചെയ്യുന്നുണ്ട്.
സൗത്ത് സോണ് കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ, സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ചേലക്കര ഉൽഘാടനം നിർവഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ഷാനവാസ് കായംകുളം, വൈസ് പ്രസിഡന്റ് നവാസ് കുണ്ടറ, സെക്രട്ടറിമാരായ, ബഷീർ തിരുനെല്ലൂർ ഷെഫീഖ് അവിയൂർ എന്നിവർ ആശംസകൾ അറിയിച്ചു. സൗത്ത് സോണ് കെഎംസിസി ജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ സ്വാഗതവും, ട്രഷറർ ജാഫർ സാദിഖ് തങ്ങൾ പാടൂർ നന്ദിയും പറഞ്ഞു.