മനാമ: ബഹ്റൈനിൽ നടക്കുന്ന ഈ വർഷത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ഫോർമുല വൺ ഗ്രാൻഡ് പ്രീ ഫൈനൽ മത്സരത്തിന് ഇന്ന്, ഡിസംബർ 6 ന് വൈകിട്ട് 8:10 ന് കൊടിയുയരും. ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ ഇന്നലെ അരങ്ങേറിയ സാഖിർ ഗ്രാൻഡ് പ്രീയിലെ യോഗ്യതാ മത്സരത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളും മെഴ്സിഡസ് സ്വന്തമാക്കി. മെഴ്സിഡസിൻ്റെ വാൾട്ടേരി ബൊട്ടാസ് ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ 26 മില്ലി സെക്കൻ്റ് വ്യത്യാസത്തിൽ പരിശീലന മത്സരങ്ങളിലെ താരം ചാമ്പ്യൻ ഹാമിൽട്ടൻ്റെ പകരക്കാരൻ ജോർജ് റസൽ രണ്ടാമതെത്തി.
കഴിഞ്ഞ ദിവസം നടന്ന ഇരു പരിശീലന മത്സരങ്ങളിലും മെഴ്സിഡസിൻ്റെ തേരാളി ജോർജ് റസലായിരുന്നു ഒന്നാമത്. ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൻ കോവിഡ് ബാധിതനായി പിൻവാങ്ങിയതിനെത്തുടർന്ന് പകരക്കാരനായാണ് 22കാരനായ ജോർജ് റസൽ ട്രാക്കിലിറങ്ങിയത്.
റെഡ് ബുള്ളിൻ്റെ മാക്സ് വെർസ്റ്റാപ്പെൻ മൂന്നാമതും ഫെരാരിയുടെ ചാൾസ് ലെക്ലാർക് നാലാമതുമായാണ് യോഗ്യതാ മത്സരത്തിൽ ഫിനിഷ് ചെയ്തത്. യോഗ്യതാ മത്സരത്തിൽ ഫിനിഷ് ചെയ്തതിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് നടക്കുന്ന ഫൈനലിൽ പോൾ പൊസിഷനിൽ അണിനിരക്കുക.
കഴിഞ്ഞയാഴ്ച നടന്ന ബഹ്റൈൻ ഗ്രാൻറ് പ്രീ ആദ്യ മത്സരത്തിൽ ലൂയിസ് ഹാമിൽട്ടനാണ് ജേതാവായത്. ഇതിനുശേഷം കോവിഡ് സ്ഥിരീകരിച്ചതിനേ തുടർന്ന് അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമാവുകയായിരുന്നു. സീസണിലെ 11 ജയങ്ങൾ ഹാമിൽട്ടൻ സ്വന്തമാക്കിയിരുന്നു.
അതേ സമയം തന്നെ ഇന്നലെ നടന്ന ഫോർമുല-2 ഫൈനൽ മത്സരത്തിൽ മുൻ ഫോർമുല -1 ലോക ചാമ്പ്യൻ മൈക്കിൾ ഷുമാക്കറുടെ മകൻ മിക്ക് ഷുമാക്കറും അണിനിരന്ന പ്രേമ റേസിംഗ് ടീം ചാമ്പ്യൻമാരായി.
Image credits: F1 official’s