മനാമ: ബഹ്റൈനിലെ പള്ളികളിൽ ഇന്ന് ഡിസംബർ 6 മുതൽ അസർ നമസ്കാരം പുനരാരംഭിച്ചതായി നീതിന്യായ ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് ബാധ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ നമസ്കാരങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനുള്ള ഇസ്ലാമിക കാര്യ ഉന്നതാധികാര സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവണം നമസ്കാരം പുനരാരംഭിക്കേണ്ടത്. നേരത്തെ ആഗസ്റ്റ് 28 മുതൽ സുബ്ഹി നമസ്കാരവും നവംബർ 1 മുതൽ ളുഹർ നമസ്കാരവും ഇതേ രീതിയിൽ പുനരാരംഭിച്ചിരുന്നു.
മാർച്ച് 28 മുതലായിരുന്നു കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മെഡിക്കൽ ടാസ്ക് ഫോഴ്സിൻ്റെ നിർദ്ദേശാനുസരണം രാജ്യത്തെ പള്ളികൾ അടച്ചിനുള്ള തീരുമാനമുണ്ടായത്. ജുമുഅ നമസ്കാരം പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനവും ഉടൻ ഉണ്ടാവുമെന്നാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. മഗ് രിബ്, ഇശാ, ജുമുഅ നമസ്കാരങ്ങൾ പള്ളികളിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച അറിയിപ്പുകൾ ഇതുവരെ വന്നിട്ടില്ല.