മനാമ: കേരളത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളെയും കേന്ദ്ര ഏജന്‍സികളെയും കൂട്ടുപിടിച്ച് ഇടതുപക്ഷത്തിനെതിരെ സംഘ്പരിവാര്‍ ആക്രമണം നടത്തുന്നതെന്ന് ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം’ ബഹ്റൈന്‍ കൂട്ടായ്മ സംഘടിപ്പിച്ച വെബിനാര്‍ അഭിപ്രായപ്പെട്ടു.
ഫാഷിസത്തിന് കീഴടങ്ങാത്ത പ്രത്യാശയുടെ തുരുത്താണ് കേരളം. ഇ.എം.എസ് സര്‍ക്കാറിനെതിരായ വിമോചന സമരത്തിൻ്റെ തനിയാവര്‍ത്തനമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് സഹായത്തോടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. വ്യാജവാര്‍ത്തകളിലൂടെ കേരളത്തെ സംശയത്തിൻ്റെ നിഴലില്‍ നിര്‍ത്താനാണ് സംഘ്പരിവാര്‍ ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. കേരളത്തിെൻറ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിപ്പിക്കണമെന്നും വെബിനാര്‍ ആഹ്വാനം ചെയ്തു.
സിനിമ നിരൂപകനും ചിന്ത പബ്ലിഷേഴ്സ് മുന്‍ ജനറല്‍ മാനേജറുമായ കെ.കെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മറ്റ് സംസ്ഥാനങ്ങളിൽ ഓരോ മേഖലകളില്‍നിന്നും സര്‍ക്കാറുകള്‍ പിന്‍വാങ്ങുമ്പോള്‍ കേരളം എല്ലാ മേഖലയിലും കുതിപ്പ് തുടരുകയാണ്. കേന്ദ്രം കേരളത്തിന് അര്‍ഹമായ ഫണ്ട് നല്‍കുന്നില്ല. പ്രകൃതിദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ ന്യായമായി തരേണ്ട ധനവിഹിതം തരാതെ എല്ലാ വികസനത്തെയും കേന്ദ്രം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതുപക്ഷത്തിെൻറ ബദലാണ് കിഫ്ബി. അതുവഴി ദീര്‍ഘകാലത്തേക്കുള്ള വന്‍ വികസനമുണ്ടാക്കുന്ന വഴികളാണ് വെട്ടിയത്. അതിനാല്‍ കിഫ്ബി പോലുള്ളവ പൊളിക്കേണ്ടതുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇതിന് സാധാരണ മനുഷ്യരുടെ മനസ്സില്‍ സംശയം ജനിപ്പിക്കാനായി എന്തോ അഴിമതിയാണെന്ന വാര്‍ത്തകള്‍ നിരന്തരം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രവാസി കമീഷന് അംഗം സുബൈര്‍ കണ്ണൂര്‍ സ്വാഗതം പറഞ്ഞു. വെബിനാറില്‍ അനസ് യാസിന് മോഡറേറ്ററായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എന്‍.കെ. സുഹൈല്‍, എഫ്.എം. ഫൈസല്‍, പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന് കുമാര്‍, വിപിൻ, കാസിം, റെയ്സണ്‍ വര്‍ഗീസ്, ലത്തീഫ് മരക്കാട്ട്, നിധിന് കൊല്ലം, ഷിബു പത്തനംതിട്ട, നജീബ് കോട്ടയം, അനില്‍ കണ്ണപുരം എന്നിവർ സംസാരിച്ചു. ഷരീഫ് കോഴിക്കോട് നന്ദി പറഞ്ഞു.