മനാമ: കോവിഡ് കാലത്തും ബഹ്റൈനിൽ നിരവധി ഇരകൾക്ക് ആശ്വാസമായി പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾ. വട്ടിപലിശക്കാരുടെ ചൂഷണത്തിന്ന് വിധേയരായ നിരവധി ഇരകൾക്ക് ആശ്വാസം നൽകാൻ സാധിച്ചതായി കഴിഞ്ഞ ദിവസം ചേർന്ന സമിതിയുടെ നിർവാഹക സമിതി യോഗം വിലയിരുത്തിയതായി ഭാരവാഹികൾ അറിയിച്ചു.
ലോകം മുഴുവൻ കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലാവുകയും സർക്കാറുകളും സന്നദ്ധ – ജീവകാരുണ്യ സംഘടനകളും വിവിധ സേവന പ്രവർത്തനങ്ങൾ നടത്തികൊണ്ടിരുന്ന സന്ദർഭത്തിലും പലിശക്കാർ തങ്ങളുടെ ചൂഷണം വർധിപ്പിക്കുകയായിരുന്നുവെന്ന് സമിതിയുടെ ഭാരവാഹികൾ പറഞ്ഞു.
ഇരകളെ വിളിച്ചു ഭീഷണിപ്പെടുത്തലും അത്യാവശ്യതിന് നാട്ടിൽ പോവാനുള്ള
സാഹചര്യം ഉണ്ടായവർക്ക് പോലും പാസ്പോർട്ട് തിരിച്ചുകൊടുക്കാത്ത സംഭവങ്ങളും ഈ കാലത്തും അഭംഗുരം തുടരുകയായിരുന്നു. ഈ സന്ദർഭത്തിൽ നിരവധി കേസുകളിൽ ഇടപെടാനും പരാതിക്കാർക്ക് അവരുടെ വിഷയങ്ങൾ പരിഹരിച്ചു കൊടുക്കാനും സമിതിക്ക് സാധിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പലിശ വിരുദ്ധ ജനകീയ സമിതിക്ക് അതിന്റെ പ്രവർത്തനങ്ങൾ ശക്തമായി തന്നെ മുന്നോട്ട് കൊണ്ട് പോവാൻ സാധിച്ചിട്ടുണ്ട്.
പലിശക്കെണിയിൽ പെട്ട് പാസ്പോർട്ടുകളും മറ്റ് രേഖകളും പലിശക്കാരുടെ കയ്യിലകപ്പെട്ട ആളുകളുടെ പ്രശ്നങ്ങളിൽ സമിതി
ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കുകയും രേഖകൾ തിരികെ വാങ്ങി നല്കുകയും
ചെയ്തിരുന്നു. ഒരു കുടുംബത്തിലെ കുട്ടികളുടേതടക്കമുള്ളവരുടെ പാസ്പോർട്ടുകൾ തിരിച്ചു
വാങ്ങി നൽകിയത്, വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന 5 ആളുകളുടെ പാസ്പോർട്ടുകൾ കൈവശം വെച്ച പലിശക്കാരനിൽ നിന്നും അത് വീണ്ടെടുത്ത് കൊടുത്തത്, സല്ലാക്കിലുള്ള ഒരു ഡ്രൈവറുടെയും ഹോട്ടലിൽ ജോലി ചെയ്യുന്ന സ്ത്രീയുടെയും കേസുകൾ തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്. കോവിഡ്
മഹാമാരിക്ക് മുമ്പ് നടന്നു വന്നിരുന്ന ഏരിയ കൺവെൻഷനുകൾ കോവിഡ്
മാനദണ്ഡമനുസരിച്ച് ഉടൻ തന്നെ പുനരാരംഭിക്കാനും തീരുമാനിച്ചു. സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താല്പര്യമുള്ളവരെ കൂടി
ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാനും യോഗത്തിൽ തീരുമാനമായി. ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ദിജീഷ്, ജനറൽ കൺവീനർ യോഗാനന്ദ് എന്നിവർ കോവിഡ് കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഉപദേശക സമിതി അംഗമായ സുബൈർ കണ്ണൂർ, നിർവാഹക സമിതി അംഗങ്ങളായ നാസർ മഞ്ചേരി, അഷ്കർ പൂഴിത്തല, മനോജ് വടകര തുടങ്ങിയവർ സംസാരിച്ചു.