മനാമ: രാജ്യം 49 ത് ദേശീയ ദിനമാഘോഷിക്കുന്ന സന്ദർഭത്തിൽ ബഹ്‌റൈൻ ഭരണാധികാരി കിങ്ങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രധാന മന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും മറ്റു സഹഭരണാധികാരികൾക്കും പ്രവാസികളുൾപ്പെടെയുള്ള രാജ്യനിവാസികൾക്കും ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ജനറൽ സെക്രട്ടറി സുബൈർ എം. എം എന്നിവരുടെ നേതൃത്വതിലുള്ള എക്സിക്യുട്ടീവ് കമ്മിറ്റി ആശംസകൾ നേർന്നു. ദിനംപ്രതിയെന്ന വണ്ണം നാടിനെ വികസനത്തിലേക്ക് നയിക്കുന്ന ദീർഘ വീക്ഷണവും കാര്യ പ്രാപ്‌തിയുമുള്ള ഭരണാധികാരികളാണ് ബഹ്റൈനെന്ന ഈ കൊച്ചു രാജ്യത്തെ വേറിട്ടതാക്കുന്നത്. ആഗോള തലത്തിൽ ബാധിച്ച കോവിഡ് മഹാമാരിയെ നേരിടുമ്പോഴും പ്രവാസി സമൂഹത്തെ ചേർത്തു പിടിക്കുകയും എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകാൻ തയ്യാറെടുക്കുകയും ചെയ്‌ത ഭരണാധികാരികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കൊറോണമൂലം പ്രയാസമനുഭവിച്ചവർക്ക് വിവേചനങ്ങളില്ലാതെ സഹായങ്ങളെത്തിക്കാൻ സാധിച്ചത് ഭരണാധികാരികളുടെ നിശ്ചയ ദാർഢ്യവും അനുകമ്പയും കൊണ്ടുമാണ്. സഹിഷ്ണുതയിലൂടെയും സഹവർത്തിത്വത്തിലൂടെയും സമാധാനമെന്ന ആശയം പ്രായോഗികമാക്കാൻ സാധിച്ച ഭരണാധികാരികളും ബഹ്റൈൻ ജനതയും ലോകത്തിനു മുമ്പിൽ എന്നും മാതൃകയാണ്.
കൊറോണ എന്ന മഹാമാരിക്ക് മുന്നിൽ ലോകം വിറങ്ങലിച്ചു നിന്നപ്പോഴും ലോക്ഡൗൺ ഏർപ്പെടുത്താതെ അതിനെ മറികടന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. പശ്ചിമേഷ്യയിലെയും അറബ് മേഖലയിലെയും ഐക്യത്തിനും സമാധാനത്തിനും നേതൃ പരമായ പങ്കാണ് ബഹ്‌റൈൻ വഹിച്ചു കൊണ്ടിരിക്കുന്നത്. പുരോഗതിയുടെയും വികസനത്തിന്റെയും പാതയിൽ രാജ്യത്തിനു ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്നും ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.