മനാമ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് സമ്പ്രദായം തുടങ്ങാനുള്ള സന്നദ്ധത തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചതിന് പിന്നാലെ, ഗൾഫ് ഇതര രാജ്യങ്ങളിൽ ആദ്യഘട്ടത്തിൽ പരീക്ഷിക്കാമെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം വിവേചനപരമാണെന്ന് എൽ ജെ ഡി പ്രവാസി മിഡിലീസ്റ്റ് കമ്മറ്റി ജെ സി സി പ്രസിഡൻ്റ് സഫീർ പി ഹാരിസ്, സെക്രട്ടറി ടിപി അൻവർ എന്നിവർ പത്രക്കുറിപ്പിൽ പറത്തു .
പ്രവാസി വോട്ടവകാശത്തിനു വേണ്ടി ഏറ്റവും കൂടുതൽ മുറവിളി ഉയർത്തിയത് ഗൾഫ് നാടുകളിലെ പ്രവാസികളാണ്. ഇന്ത്യയിൽ നിന്നും കൂടുതൽ പ്രവാസികൾ അധിവസിക്കുന്നത് ഗൾഫ് നാടുകളിലാണ്, പരീക്ഷണാടിസ്ഥാനത്തിൽ ഗൾഫ് മേഖലയിലെ പ്രവാസികളെ ഇലക്ട്രോണിക് പോസ്റ്റൽ വോട്ടിൽ നിന്നും മാറ്റിനിർത്തിയാൽ വലിയ ശതമാനം വോട്ടർമാർക്ക് കേരളത്തിൽ അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കാതെ വരുകയും ചെയ്യും.
യുഎസ്സ്, കാനഡ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ജപ്പാൻ, ആസ്ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് മാത്രം ഇ തപാൽ വോട്ട് നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, വിദേശത്ത് താമസിക്കുന്ന പ്രവാസികളായ മുഴുവൻ വോട്ടർമാർക്കും ഇ തപാൽ വോട്ട് ചെയ്യാനുള്ള തീരുമാനം ഉണ്ടാവണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.