റിയോ ഡി ജനീറോ: റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമയ്ക്ക് മുകളിൽ ബഹ്റൈന്റെ പതാക ഉയർത്തിക്കൊണ്ട് ബ്രസീൽ. ബഹ്‌റൈനിനും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും ആദരവ് അർപ്പിച്ചാണ് പതാകയുടെ മാതൃകയിൽ ദീപാലങ്കാരം അണിയിച്ചത്.
രാജ്യങ്ങൾക്കിടയിൽ സമാധാനം വളർത്തുന്നതിനും ലോകമെമ്പാടുമുള്ള വിവിധ മതവിഭാഗങ്ങളും വിശ്വാസികളും തമ്മിലുള്ള ആരോഗ്യകരമായ സഹവർത്തിത്വവും ലക്ഷ്യമിടുന്ന ബഹ്‌റൈൻന്റെ നയ പ്രഖ്യാപനത്തിന്റെ സമാരംഭത്തോടനുബന്ധിച്ചാണ് ഈ ബഹുമതി.
കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ എക്സിസ്റ്റൻസിന്റെ മേൽനോട്ടത്തിൽ തലസ്ഥാനമായ ബ്രസീലിയയിൽ നടന്ന ചടങ്ങിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ പങ്കെടുത്തു.
ബ്രസീൽ വിദേശകാര്യ മന്ത്രി ഏണസ്റ്റോ അറാജോ, വിദേശകാര്യ , ദേശീയ പ്രതിരോധ സമിതി ചെയർമാൻ, എഡ്വേർഡോ ബോൾസോനാരോ, ടൂറിസം മന്ത്രി ഗിൽസൺ മച്ചാഡോ, അറബ് ബ്രസീലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് (എബിസിസി) പ്രസിഡന്റ് റൂബൻസ് ഹനുൻ എന്നിവരും പങ്കെടുത്തു.
ബഹ്‌റൈൻ പതാക ആലേഖനം ചെയ്ത ക്രൈസ്റ്റ് ദി റിഡീമർ പ്രതിമയുടെ ദൃശ്യങ്ങൾ ബ്രസീലിയയിൽ നടന്ന ചടങ്ങിൽ, കൂറ്റൻ സ്ക്രീനിൽ തത്സമയം സംപ്രക്ഷേപണം ചെയ്തു. റിയോ ഡി ജനീറോ നഗരത്തിന് അഭിമുഖമായി ടിജുക്ക ഫോറസ്റ്റ് നാഷണൽ പാർക്കിലെ 700 മീറ്റർ ഉയരമുള്ള കോർകോവാഡോ പർവതത്തിന്റെ കൊടുമുടിയിലാണ് ഈ പ്രതിമ സ്ഥിതിചെയ്യുന്നത്.
വീഡിയോ: https://www.instagram.com/p/CJDpTj3sNIx/?igshid=dp82kz1b78pa