തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഗുരുതരമാകുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്. രോഗ ബാധിതരുടെ എണ്ണവും വൻതോതിൽ ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റ് അസുഖങ്ങളില്ലാത്തവരിലും ചെറുപ്പക്കാരിലും രോഗം ഗുരുതരമാകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മുൻ ആഴ്ചകളേക്കാൾ ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണത്തിൽ
20 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള 606 പേരും അറുപത് വയസിന് മുകളിലുള്ള 2175 പേരുമാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. തിരഞ്ഞെടുപ്പിനുശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പൊതു സ്ഥലങ്ങളിലും കടകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമടക്കം വൻതിരക്കാണ് ഉണ്ടായിരിക്കുന്നത്. ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങൾ കഴിഞ്ഞാൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവാൻ സാധ്യതയുണ്ട്. കേരളത്തിൽ നിലവിൽ 827പേര്‍ തീവ്രപരിചരണ വിഭാഗത്തിലും 223 പേര്‍ വെന്‍റിലേറ്ററിലും ചികിത്സയിലുണ്ട്.