മനാമ: പൊതുമാപ്പ് തീരാൻ ദിവസങ്ങൾ മാത്രമെന്ന് ഓർമ്മപ്പെടുത്തി ബഹ്റൈനിലെ ഇന്ത്യൻ എംബസി ഡിസംബർ മാസ ഓപ്പൺ ഹൗസ് നടത്തി. വെള്ളിയാഴ്ച രാവിലെ പത്തിനും പന്ത്രണ്ടിനും ഇടക്കായിരുന്നു ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്. ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾ അറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്ത്യൻ എംസി നടത്തി വരുന്ന പ്രതിമാസ കൂടിക്കാഴ്ചയാണ് ഓപ്പൺ ഹൗസ്. സാമൂഹിക പ്രവർത്തകർക്കും, സാമൂഹിക പ്രവർത്തകർ വഴി എത്തുന്നവർക്കും തങ്ങളുടെ പരാതികളും ബുദ്ധിമുട്ടുകളും ഓപ്പൺ ഹൗസിൽ ബോധിപ്പിക്കാം.
ഓപ്പൺ ഹൗസിൽ ഇന്ത്യൻ അമ്പാസിഡർ പിയൂഷ് ശ്രീ വാസ്തവ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ വിലയിരുത്തി. ഇന്ത്യൻ സമൂഹത്തിന് വേണ്ടി ഇരു ഗവൺമെന്റുകളും സ്വീകരിച്ച ഗുണപരമായ നയങ്ങളെക്കുറിച്ച് ഇന്ത്യൻ അംബാസിഡർ വിശദീകരിച്ചു.
വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴുള്ള കോവിഡ് ടെസ്റ്റ് ഫീസ് 60 ദിനാറിൽ നിന്ന് 40 ദിനാറായി കുറച്ചത്, ബഹ്‌റൈനിലേക്ക് മടങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് ആശ്വാസം നൽകിയതായി ഇന്ത്യൻ അംബാസിഡർ പറഞ്ഞു. പൊതുമാപ്പ് ആനുകൂല്യത്തിൽ രേഖകളില്ലാതിരുന്ന 350 ലധികം ഇന്ത്യൻ പൗരന്മാർക്ക് ബഹ്റൈനിൽ തുടരുന്നതിനായി ഷോർട്ട് വാലിഡിറ്റി പാസ്പോർട്ട് നൽകിയതായും ഇന്ത്യൻ എംബസി അറിയിച്ചു. നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്നവർക്ക് അതിനുള്ള സാഹചര്യവുമൊരുക്കി നൽകിയതായും എംബസി വിലയിരുത്തി. ഡിസംബർ 31 ന് പൊതുമാപ്പ് അവസാനിക്കാനിരിക്കെ ഇനിയും രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവർ പിഴകൾ കൂടാതെ അവ പുതുക്കാനോ സ്വദേശത്തേക്ക് മടങ്ങാനോ തയ്യാറായി അസുലഭ സാഹചര്യം മുതലാക്കണമെന്ന് എംബസി ഓർമപ്പെടുത്തി.
കോവിഡിനെ കുറിച്ചും യാത്ര സംബന്ധിയായ വിവരങ്ങൾക്കുമായി തങ്ങളുടെ വെബ്സൈറ്റും, സോഷ്യൽ മീഡിയ അക്കൗണ്ടുകളും ശ്രദ്ധിക്കണമെന്ന് എംബസി പറഞ്ഞു. എമ്പസിയിൽ വിവരങ്ങൾ അന്വേഷിക്കാനുള്ള നമ്പറിൽ നിന്ന് വ്യാജ കോളുകൾ വരുന്നതിനെക്കുറിച്ച് ജാഗ്രത തുടരണമെന്നും, പ്രവാസികൾ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഇത്തരം ഫോൺ കോളുകൾക്ക് മുൻപിൽ വെളിപ്പെടുത്തരുതെന്നും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകി.