മനാമ: നാല് ബഹ്‌റൈൻ വൈമാനികർ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചുവെന്ന ഖത്തറിന്റെ അവകാശവാദം നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്ന് ബഹ്റൈൻ.2020 ഡിസംബർ 9 ബുധനാഴ്ച, റോയൽ ബഹ്‌റൈൻ വ്യോമസേനയിലെ നാല് സൈനീകർ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചുവെന്ന ഖത്തറി അധികൃതരുടെ വാദം ബഹ്‌റൈൻ തള്ളി.
സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായി, 2020 ഡിസംബർ 9 ബുധനാഴ്ച, റോയൽ ബഹ്‌റൈൻ വ്യോമസേനയിൽ നിന്നുള്ള രണ്ട് എഫ് -16 വിമാനങ്ങളും, യുഎസിൽ നിന്നുള്ള രണ്ട് വിമാനങ്ങളും ഉൾപ്പെടുന്ന സൈനിക പരിശീലനം, സൗദി വ്യോമ പരിധിയിൽ, നിയുക്ത സൈനിക പരിശീലന പ്രദേശത്ത് നടന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിശീലനത്തിന് ശേഷം 3:50 ഓട് കൂടെ നാല് വിമാനങ്ങളും സൗദി വ്യോമ പരിധി കടന്ന് ബഹ്റൈനിൽ കിഴക്ക് ഈസ എയർ ബേസിൽ എത്തിച്ചേർന്നെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മിലിട്ടറി ഡ്രിൽ ഏരിയയിൽ നിന്ന് ബഹ്‌റൈനിന്റെ വ്യോമാതിർത്തിയിലേക്കുള്ള പതിവ് എക്സിറ്റ് റൂട്ടാണ് വിമാനങ്ങൾ ഉപയോഗിച്ചതെന്നും, തിരിച്ചെത്തുമ്പോൾ വിമാനം ഖത്തറി വ്യോമാതിർത്തി ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
മറ്റ് രാജ്യങ്ങളുടെ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെയാണ് ബഹ്റൈനി വൈമാനികർ തങ്ങളുടെ കർത്തവ്യം നിറവേറ്റുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.