ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാധ ആദ്യമായി സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് യാത്രക്കാര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ബാംഗ്ലൂർ നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പുണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിലായി സൗത്ത് കൊറിയയിലാണ് പുതിയ സ്‌ട്രെയിന്‍ വൈറസ് കണ്ടെത്തിയത്. അന്താരാഷ്ട്രതലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്ത്യയിലും ജനിതകമാറ്റം വന്ന പുതിയ വൈറസ് സ്‌ട്രെയിന്‍ കണ്ടെത്തിയത്.