ന്യൂഡൽഹി: ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. പുതിയ വൈറസ് ബാധ കണ്ടെത്തിയവരിൽ രണ്ട് വയസുകാരിയും ഉൾപ്പെടുന്നു. അതിവേഗം പടരുന്ന വൈറസ് ആയതിനാൽ രാജ്യത്ത് അതീവ ജാഗ്രത നിർദ്ദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. പുതിയ വൈറസ് ബാധ കണ്ടെത്തിയവരെ ആശുപത്രികളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കി. ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും യാത്ര ചെയ്തവരെയും പരിശോധന നടത്തും. ഡിസംബർ 31 വരെ യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഇനിയും നീട്ടാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഒരു മാസത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയത് 33000 പേരാണ്. പുതിയ വൈറസിന്റെ സാന്നിധ്യം അമേരിക്കയിലും സ്പെയിനിലും കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത അത്യാവശ്യമാണ്.