തിരുവനന്തപുരം: ഒമ്പത് മാസത്തെ ഓൺലൈൻ പഠനത്തിന് ശേഷം 10,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഇന്ന് സ്കൂളുകൾ തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരിക്കുന്നത്. ഇത്രയും നാളുകൾക്ക് ശേഷം സ്കൂളിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. കൊവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്ലാസ് മുറികളിൽ പ്രവേശനം. ഒരു ബഞ്ചിൽ ഒരാൾ മാത്രം എന്ന രീതിയിലാണ് ക്ലാസ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. വായും മൂക്കും മൂടുന്ന രീതിയില്‍ കുട്ടികൾ മാസ്ക് ധരിച്ചിരിക്കണം. വിദ്യാർത്ഥികൾ സാനിറ്റൈസറുമായി സ്കൂളിൽ പ്രവേശിക്കാനും നിർദ്ദേശമുണ്ട്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ അനുമതിപത്രവും പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ചിരുന്നു. സഹപാഠികളെ കാണാനായതും ഓൺലൈന് വഴിയല്ലാതെ നേരിട്ട് പഠനം നടത്താൻ കഴിയുന്നതിന്റെയും സന്തോഷത്തിലാണ് എല്ലാ വിദ്യാർത്ഥികളും സ്കൂളിൽ എത്തിയിരിക്കുന്നത്.