മനാമ: ഇന്ന്, ജനുവരി 4 തിങ്കളാഴ്ച, ബഹ്‌റൈൻ ലോക ബ്രെയ്ൽ ദിനം ആഘോഷിച്ചു. ആശയവിനിമയ ഉപാധി എന്ന നിലയിൽ ബ്രെയ്‌ലിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി യുഎൻ പൊതുസഭ ജനുവരി 4 ലോക ബ്രെയ്ൽ ദിനമായി തിരഞ്ഞെടുത്തതിനെ തുടർന്ന്, ഇത് മൂന്നാം വർഷമാണ് ആഗോള സമൂഹം ഈ ദിവസം ലോക ബ്രെയ്ൽ ദിനമായി ആചരിക്കുന്നത്.
അന്ധരായ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രത്യേക പരിഗണന നൾകുമെന്നും അവർക്കായി ബ്രെയ്ൽ മെഷീൻ സംസാരിക്കുന്ന കമ്പ്യൂട്ടർ തുടങ്ങയവ നൾകുമെന്നും, ബ്രെയ്ൽ ദിനത്തെ അഭിസംബോധന ചെയ്തു കൊണ്ട് വിദ്യാഭ്യാസ മന്ത്രി ഡോക്ടർ മജീദ് ബിൻ അലി അൽ നുആമി പറഞ്ഞു.
രാജ്യത്തെ അന്ധരായ വിദ്യാർത്ഥികൾക്കായി മാർഗ്ഗനിർദേശങ്ങളും, പുസ്തകങ്ങളും ബ്രെയ്ൽ ലിപിയിൽ തന്നെ പ്രിന്റ്ചെയ്യാൻ വലിയൊരു അച്ചടിശാലതന്നെ പ്രത്യേകമായി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ അന്ധരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും, 19 പ്രത്യേക അധ്യാപകർ, സൗദി ബഹ്റൈനി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്ലൈൻഡുമായി സഹകരിച്ച് ഫീൽഡ് വിസിറ്റുകൾ നടത്തുന്നുണ്ടെന്നും, 37 അന്ധവിദ്യാർത്ഥികൾ ഈ സേവനത്തിന്റെ ഗുണഭോക്താക്കൾ ആണെന്നും ലോക ബ്രെയ്ൽ ദിനത്തെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.