തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകളിൽ വഴി ലഭ്യമാക്കും. ഇനി മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന്‍ വിഭാഗത്തില്‍ രേഖകൾ നേരിട്ട് സമർപ്പിക്കേണ്ട ആവശ്യമില്ല. വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യവും ഇപ്പോൾ നോർക്കയിൽ ലഭ്യമാണ്. വിദേശരാജ്യങ്ങളിൽ സമർപ്പിക്കുവാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷൻ നോർക്ക-റൂട്ട്സ് ഓഫീസുകൾ മുഖാന്തരം ഉദ്യോഗാർത്ഥികൾക്കും പ്രവാസികൾക്കും ലഭിക്കുന്നതാണ്. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജണൽ ഓഫീസുകൾ വഴി അഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തൽ സേവനവും ലഭ്യമാണ്. അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി www.norkaroots.org എന്ന വെബ്‍സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.