മനാമ: സസ്റ്റൈനബിൽ എനർജി അതോറിറ്റി (എസ്ഇഎ) പ്രസിഡന്റ് ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസയെ ബഹ്‌റൈനിൽ പുതുതായി നിയമിച്ച ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ സന്ദർശിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഡോ. മിർസ പ്രശംസിച്ചു, വിവിധ മേഖലകളിലെ, പ്രത്യേകിച്ച് സുസ്ഥിര ഊർജ്ജം, ഊർജ്ജക്ഷമത എന്നീ മേഖലകളിലുള്ള, സഹകരണവും വ്യാപാരവും സാമ്പത്തിക സമന്വയവും ഈ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സൗരോർജ്ജം പോലുള്ള സുസ്ഥിര ഊർജ്ജ ശ്രോതസ്സുകൾ, ഉർജ്ജക്ഷമത തുടങ്ങിയ മേഖലകളിലെ ദേശീയ പദ്ധതികളെക്കുറിച്ചും രണ്ട് മേഖലകളിലും നിലവിലുള്ളതും ഭാവിയിൽ നടക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ചും എസ്‌ഇഎ പ്രസിഡന്റ്, ഇന്ത്യൻ അംബാസഡർക്ക് വിശദീകരിച്ചു.
സൗരോർജ്ജ പദ്ധതികൾക്കായി പരിമിതമായ സ്ഥലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യം സ്വീകരിച്ച നടപടികളും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്റർനാഷണൽ സോളാർ അലയൻസിൽ ബഹ്റൈന്റെ പങ്കിനെക്കുറിച്ചും, അതുമൂലം തുറക്കപ്പെടുന്ന മറ്റു സാധ്യതകളേക്കുറിച്ചും, നിക്ഷേപങ്ങളേക്കുറിച്ചും, ഇരുരാജ്യങ്ങൾക്കും ഒപ്പം മറ്റു സൗഹൃദ രാജ്യങ്ങൾക്കും ഉണ്ടാകുന്ന നേട്ടങ്ങളേക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
അന്താരാഷ്ട്ര സോളാർ എനർജി അലയൻസിലെ ബഹ്‌റൈൻ പങ്കാളിത്തത്തിലൂടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും, അതുവഴി സുസ്ഥിര ഊർജ്ജ മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും ഇന്ത്യൻ അംബാസഡർ പ്രത്യാശ പ്രകടിപ്പിച്ചു.