തിരുവനന്തപുരം: കേരളം കോവിഡ് വാക്‌സിൻ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടത്തുക. രണ്ടാംഘട്ട ഡ്രൈ റൺ ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് നടത്തുന്നത്.
ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണിന് ശേഷമാണ് നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രൈ റൺ സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. കൊവിഡ് വാക്‌സിനേഷന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ഡ്രൈ റൺ നടത്തുന്നത്.
കൊവിഡ് വാക്‌സിനേഷനായി 3,51,457 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തത്. എപ്പോള്‍ വാക്‌സിന്‍ എത്തിയാലും കേരളം കൊവിഡ് വാക്‌സിനേഷന് സജ്ജമാണെന്ന് ശൈലജ ടീച്ചർ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിൻ നൽകുക.