മനാമ: പുതിയ പാസഞ്ചർ ടെർമിനലിലെ നിർമാണ പുരോഗതിയെക്കുറിച്ച് അറിയാൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയും, ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) ചെയർമാനുമായ കമൽ ബിൻ അഹമ്മദ് മുഹമ്മദ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചു. നിലവിലെ വിമാനത്താവളത്തിന്റെ കിഴക്കൻ ഭാഗത്താണ് രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുന്നത്. സൈറ്റിന് ചുറ്റും ഉയർന്ന സുരക്ഷയാണ് നൾകിയിരുന്നത്.
മന്ത്രി, ബിഎസി ഉദ്യോഗസ്ഥർ, പദ്ധതിയുടെ പ്രധാന കരാറുകാരനായ അറബ്ടെക് ടിഎവിയുടെ പ്രതിനിധികൾ, തുടങ്ങിയവർ പുതിയ പാസഞ്ചർ ടെർമിനലിലെ നിർമാണ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു.
വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമാക്കി രണ്ടാം ഘട്ടം കൃത്യസമയത്ത് പൂർത്തിയാക്കണമെന്നും,
നാല് വർഷം മുമ്പ് ഈ സുപ്രധാന ദേശീയ വികസന പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ച ടീം ബഹ്‌റൈന്റെ നിരന്തരമായ ശ്രമങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും, 2021 ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രധാന വഴിത്തിരിവായിരിക്കുമെന്നും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയായ കമൽ ബിൻ അഹമ്മദ് മുഹമ്മദ് പറഞ്ഞു.
20 വർഷത്തിലേറെയായി ബഹ്‌റൈനിന്റെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ നിക്ഷേപമാണ് 1.1 ബില്യൺ യുഎസ് ഡോളർ സമാഹരിച്ചുകൊണ്ടുള്ള ഈ എയർപോർട്ട് മോഡേണൈസേഷൻ പ്രോഗ്രാം (എഎംപി) എന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാസഞ്ചർ ടെർമിനലിനും അനുബന്ധ പ്രോജക്ടുകളായ സെൻട്രൽ യൂട്ടിലിറ്റി കോംപ്ലക്സ്, മൾട്ടി സ്റ്റോർ കാർക്ക് പാർക്ക്, സ്റ്റാഫ് പാർക്കിംഗ് ഏരിയ, സൂപ്പർ ഗേറ്റ്, ഫയർ സ്റ്റേഷൻ എന്നിവയ്‌ക്ക് പുറമേ, ബഹ്‌റൈന്റെ, കൂടുതൽ സുസ്ഥിരവും വൈവിധ്യപൂർണ്ണവുമായ സമ്പദ്‌വ്യവസ്ഥയ്ക്ക് അടിത്തറയിടുന്ന ‘ഇക്കണോമിക് വിഷൻ 2030’ സാക്ഷാത്കരിക്കുന്നതിന് സഹായിക്കുന്ന നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളും എഎംപി ഉൾക്കൊള്ളുന്നു.
പുതിയ ടെർമിനൽ വരുന്നതോടുകൂടെ, രാജ്യത്തിന്റെ വ്യോമയാന മേഖലയിൽ സുപ്രധാനമായ മാറ്റങ്ങൾ സാധ്യമാകും.
മൂന്ന് വ്യോമയാന ഇന്ധന ടാങ്കുകൾ അടങ്ങുന്ന, ഇന്ധന ഫാം കോംപ്ലക്‌സിന് പുതിയ ടെർമിനൽ നിർമാണം പുതിയ വഴിത്തിരിവായിരിക്കും. വ്യാപാരികളേയും സ്വകാര്യ വിമാന ഉടമകളെയും ലക്ഷ്യം വെക്കുന്ന പുതിയ സ്വകാര്യ വ്യോമയാന ടെർമിനലിന്റെ ഉദ്ഘാടനം വരും മാസങ്ങളിൽ പ്രതീക്ഷിക്കുന്നു. സ്വകാര്യ വ്യോമയാന ടെർമിനൽ വ്യാപാര മേഖലയിൽ പ്രധാന സംഭാവന നൽകുകയും, വരും ദശകങ്ങളിൽ ടൂറിസം, യാത്രാ മേഖലയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യും.